ഇത്തവണ മോശം പ്രകടനവുമായി സീസൺ അവസാനിപ്പിച്ച ടീമാണ് ചെന്നൈ സൂപ്പർ കിങ്‌സ്. അഞ്ച് തവണ ഐപിലെ ചാമ്പ്യന്മാരായ ചെന്നൈയ്ക്ക് ഇത്തവണ പോയിന്റ് പട്ടികയുടെ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്യാൻ സാധിച്ചത്. പ്രതാപ കാലത്തിന്റെ നിഴലിലായ സിഎസ്കെ അടുത്ത സീസണിൽ ശക്തമായ തിരിച്ച് വരവ് നടത്തുമെന്നാണ് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് വ്യക്തമാക്കുന്നത്.
ഇത്തവണ ചെന്നൈ നേരിട്ട പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ടോപ് ഓർഡർ. ആയുഷ് മാത്രേ വെടിക്കെട്ട് നടത്തുന്നുണ്ടെങ്കിലും അദ്ദേഹത്തിന് പിന്തുണ ലഭിക്കാത്തതും പവർ പ്ലേയിൽ വിക്കറ്റുകൾ തുടരെ നഷ്ടമാവുകയും ചെയ്യുന്ന കാഴ്ചകൾ നമ്മൾ കണ്ടതാണ്. അതിനാൽ അടുത്ത സീസണിൽ ചെന്നൈ നടത്താൻ പോകുന്ന ആദ്യ മാറ്റം ഓപ്പണിങ് കൂട്ട്കെട്ടിലാവും.
ഇംഗ്ലീഷ് താരം ബെൻ ഡക്കറ്റ് മികച്ച ഓപ്‌ഷനാണ്. ഇത്തവണ മോശം പ്രകടനം കാഴ്ച്ച വെച്ച കോൺവെയ് പകരം സിഎസ്കെയ്ക്ക് പരിഗണിക്കാവുന്ന പേരാണ് ഡക്കറ്റ്. താരം വിക്കറ്റ് കീപ്പർ കൂടിയാണ് എന്നത് അനുകൂലഘടകമാണ്. മാത്രേ- ഡക്കറ്റ് സഖ്യം ഓപ്പണിങ് ജോഡിയായെത്തിയാൽ മൂന്നാം നമ്പറിൽ നായകൻ ഋതുരാജ് ഗെയ്ക്വെഡിന് കാര്യങ്ങൾ എളുപ്പമാവും.
മധ്യനിരയിൽ ബ്രെവിസ്, ദുബെ സഖ്യം മികവ് പുലർത്തുന്നുണ്ട്. എന്നാൽ ഒരു മധ്യനിര താരം കൂടി സിഎസ്കെയ്ക്ക് ആവശ്യമാണ്. ഈ സീസണിൽ രവീന്ദ്ര ജഡേജയ്ക്ക് ബാറ്റിംഗ് പ്രൊമോഷൻ നൽകിയിരുന്നു. എന്നാൽ അടുത്ത സീസണിൽ ജഡേജയ്ക്ക് പകരം മധ്യനിരയിൽ ഒരു ബാറ്റർ കൂടി സിഎസ്കെയ്ക്ക് ആവശ്യമാണ്.
ബൗളിങ്ങിൽ നൂർ അഹമ്മദ്, ഖലീൽ അഹമ്മദ്, പാതിരാനേ, അൻഷുൽ കാംബോജ് എന്നിവർ മികച്ച പുലർത്തുന്നുണ്ട്. ഇവർക്ക് പിറകിൽ മികച്ച ബാക്ക്ഓപ്‌ഷനുകൾ കൊണ്ട് വന്നാലും സിഎസ്കെയ്ക്ക് മതിയാവും. എന്തായാലും അടുത്ത സീസണിൽ ചെന്നൈയ്ക്ക് ചില പുതിയ പദ്ധതികൾ ഉണ്ടെന്നാണ്പ പരിശീലകൻ വ്യക്തമാക്കുന്നത്. ചെന്നൈ ഉദ്ദേശിക്കുന്ന പദ്ധതികൾ എന്തൊക്കെയാണ് കണ്ട് തന്നെ അറിയാം..