സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന് തുടർച്ചയായ നാലാം പരാജയം. ഇന്ന് പഞ്ചാബ് കിങ്സിനെ നേരിട്ട അവർ 18 റൺസിനാണ് തോറ്റത്. പഞ്ചാബ് ഉയർത്തിയ 220 എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈയ്ക്ക് 201 റൺസ് എടുക്കാനേ സാധിച്ചുള്ളൂ… വീണ്ടും തോറ്റതോടെ ചെന്നൈ നായകൻ ഋതുരാജ് ഗെയ്ക്‌വാദിനെതിരെ വിമർശനം ഉയരുകയാണ്.
ഇന്ന് ബാറ്റിങ്ങിൽ നിറം മങ്ങി എന്ന് മാത്രമല്ല, ഗെയ്ക്‌വാദിന്റെ ക്യാപ്റ്റൻസിയും ചോദ്യം ചെയുന്നുണ്ട്. ഋതുരാജിന് ബൗളർമാരെ ഉപയോഗിക്കാൻ അറിയില്ല എന്നതാണ് പ്രധാന വിമർശനം. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും ഋതുരാജ് ബൗളർമാരെ ഉപയോഗിച്ചത് സമാനരീതിയിലാണെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.
ഇന്ന് പഞ്ചാബ് നായകൻ ബൗളർമാരെ നന്നായി ഉപയോഗിച്ചു. പിച്ചിൽ പേസിന് പിന്തുണയുണ്ടെന്ന് മനസിലാക്കിയ അയ്യർ യുസ്‌വേന്ദ്ര ചഹലിന് പോലും കൂടുതൽ ഓവറുകൾ കൊടുത്തിരുന്നില്ല. മറുഭാഗത്ത് ഋതുരാജ് ആവട്ടെ പിച്ച് ഏതായാലും തന്റെ സ്ഥിരം ബൗളർമാരെ ഉപയോഗിച്ച് കൊണ്ടേയിരിക്കുന്നു.
എത്ര തല്ല് കിട്ടിയാലും പതിരാനേയ്ക്ക് നാല് ഓവറുകൾ നൽകുക, എത്ര അടി വാങ്ങിയാലും പവർപ്ലെയിൽ അശ്വിന് പന്തേൽപ്പിക്കുക എന്ന രീതി ഋതുരാജ് ആവർത്തിക്കുകയാണ്. ഇന്ന്, ഋതുരാജ് മികച്ച രീതിയിൽ ബൗളർമാരെ ഉപയോഗിച്ചിരുന്നുവെങ്കിൽ ചെന്നൈയ്ക്ക് വിജയം നേടാമായിരുന്നു എന്നതാണ് ആരാധകർ വാദിക്കുന്നത്.
അതേ സമയം കളിച്ച അഞ്ച് മത്സരങ്ങളിൽ ഒരൊറ്റ വിജയവുമായി ഒമ്പതാം സ്ഥാനത്താണ് ചെന്നൈ സൂപ്പർ കിങ്‌സ്. ഇനിയും വിജയവഴിയിലേക്ക് എത്തിയില്ല എങ്കിൽ ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ വളരെ പെട്ടെന്ന് തന്നെ അവസാനിക്കും..