ഈ വർഷം ജൂണോട് കൂടി ക്രിസ്റ്റ്യാനോ റൊണാൾഡോയും അൽ- നസ്‌റും തമ്മിലുള്ള കരാർ അവസാനിക്കും. അൽ- നസ്‌റിന് താരവുമായി പുതിയ കരാറിലെത്താൻ ആഗ്രഹമുണ്ടെങ്കിലും താരം ഇത് വരെ ക്ലബ്ബുമായി കരാർ പുതുക്കിയിട്ടില്ല. റോണോ കരാർ പുതുക്കാത്തത് അദ്ദേഹം മറ്റൊരു ക്ലബ്ബിലേക്ക് പോകാൻ ആഗ്രഹിന്നതിനാലാണെന്നാണ് റിപ്പോർട്ടുകൾ. ചെൽസി, മാഞ്ചസ്റ്റർ സിറ്റി എന്നിവരുമായി ബന്ധപ്പെട്ട് റോണോയുടെ ട്രാൻസ്ഫർ റൂമറുകൾ പ്രചരിക്കുന്നുണ്ടെങ്കിലും അതൊക്കെയും റൂമറുകളായി തന്നെ അവസാനിക്കാനാണ് സാധ്യത. 39 കാരനായ താരത്തെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബ്ബുകൾ രംഗത്ത് വരുമെന്ന് തോന്നുന്നില്ല. എന്നാൽ റോണോ അൽ- നസ്ർ വിടുകയാണ് എങ്കിൽ താരം ചേക്കാറാൻ സാധ്യതയുള്ള 4 ക്ലബ്ബുകൾ ഏതൊക്കെയാണെന് പരിശോധിക്കാം..
ലോസ് ഏയ്ഞ്ചൽസ് എഫ്സി
മേജർ ലീഗ് സോക്കറിലെ കരുത്തരായ ലോസ് ഏയ്ഞ്ചൽസിന് റോണോയെ സ്വന്തമാക്കാൻ താൽപര്യമുണ്ട്. നേരത്തെ അവർ റോണോയ്ക്കായി ശ്രമം നടത്തിയിരുന്നു. ലയണൽ മെസ്സി മേജർ ലീഗിൽ കളിക്കുന്നതിനാൽ റോണോയെ ടീമിലെത്തിക്കാൻ ലോസ് ഏയ്ഞ്ചൽസിന് ബാഹ്യമായ പിന്തുണയും ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. അതിനാൽ റോണോയെ സ്വന്തമാക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ക്ലബ്ബുകളിൽ ഒന്നാണ്അമേരിക്കയിലെ ലോസ് ഏയ്ഞ്ചൽസ് എഫ്സി
ഇന്റർ മിയാമി
നേരത്തെ ഇന്റർ മിയാമി ഉടമ ഡേവിഡ് ബെക്കാം റോണോയെ ടീമിലെത്തിക്കാൻ ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം ബെക്കാമിന് ഇപ്പോഴുമുണ്ടെങ്കിൽ അൽ- നസ്ർ വിടുന്ന റോണോയ്ക്ക് മുന്നിൽ മിയാമിയുടെ ഓഫർ എത്തിയാൽ അത്ഭുതപ്പെടേണ്ടതില്ല. എന്നാൽ ഇതിനോടകം ലയണൽ മെസ്സിയെ സ്വന്തമാക്കിയ അവർ റോണോയ്ക്കായി ഇനി കാശ് മുടക്കമോ എന്നത് കണ്ടറിയേണ്ടതുണ്ട്.
സ്പോർട്ടിങ് ലിസ്ബൺ
റോണോ തന്റെ കരിയർ ആരംഭിക്കുന്നത് പോർച്ചുഗീസ് ക്ലബായ സ്പോർട്ടിങ് ലിസ്ബണിൽ നിന്നാണ്. കരിയറിന്റെ അവസാന നാളുകളിലുള്ള റോണോയ്ക്ക് തന്റെ ആദ്യ കാല ക്ലബ്ബിലേക്ക് മടങ്ങിപ്പോവാനായാൽ ഐതിഹാസിമായി തന്നെ അവിടെ താരത്തിന് കളിയവസാനിപ്പിക്കാം. പോർച്ചുഗീസ് ലീഗിലെ ശക്തരായ ലിസ്ബണ് ചാമ്പ്യൻസ് ലീഗ് യോഗ്യതയുമുണ്ട്. അതിനാൽ യൂറോപ്പിലേക്ക് മടങ്ങിവരവ് ആഗ്രഹിക്കുന്ന താരത്തിന് ഏറ്റവും മികച്ച ഓപ്‌ഷനാണ് സ്പോർട്ടിങ് ലിസ്ബൺ.
ബ്രസീലിയൻ ലീഗ്
ബ്രസീലിയൻ ലീഗിലെ ക്ലബ്ബുകൾ താരത്തിനായി ശ്രമം നടത്തിയുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. റോണോ പ്രതിഫലം കുറയ്ക്കാൻ തയ്യാറായാൽ ബ്രസീലിയൻ ലീഗും താരത്തിന് മികച്ച ഓപ്‌ഷനാണ്.