സീസണിലെ ആദ്യ മത്സരത്തിൽ സൺറൈസസ് ഹൈദരാബാദിനോട് രാജസ്ഥാൻ റോയൽസ് പരാജയപ്പെട്ടിരിക്കുകയാണ്. മത്സരത്തിലെ തോൽവിക്ക് പിന്നാലെ രാജസ്ഥാന്റെ താൽകാലിക നായകൻ റിയാൻ പരാഗിനെതിരെ വിമർശനം ഉയരുകയാണ്. താരത്തിന്റെ മോശം ക്യാപ്റ്റൻസിയും അപക്വമായ ഇന്നിങ്‌സുമാണ് രാജസ്ഥാനെ തോൽവിയിലേക്ക് നയിച്ചതെന്നാണ് ആരാധകരുടെ വാദം. മത്സരത്തിൽ രണ്ട് പന്ത് നേരിട്ട പരാഗ് നാല് റൺസിന് പുറത്തായിരുന്നു. എന്നാൽ പരാഗിനെതിരെ ഉയരുന്ന വിമർശനത്തിന് നെപ്പോട്ടിസത്തിന്റെ കാരണവും കൂടി ആരാധകർ ചൂണ്ടിക്കാട്ടുന്നുണ്ട്.
സഞ്ജുവിന് പകരം ആദ്യ 3 മത്സരങ്ങളിൽ പരാഗിന് നായക സ്ഥാനം കൊടുത്തത് ആരാധകരിൽ ചിലർക്ക് ദഹിച്ചിട്ടില്ല. ജയ്‌സ്വാളിന് അവസരം നൽകണമെന്നായിരുന്നു ആരാധകരുടെ വാദം. പരാഗിന് നായക സ്ഥാനം കൊടുത്തത് നെപോട്ടിസം കാരണം മൂലമാണെന്ന വിമർശനം ഉയരുന്നുണ്ട്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അസമിനായി കളിച്ചിട്ടുള്ള പരാഗ് ദാസിന്റെ മകനാണ് റിയാൻ പരാഗ്. രാജസ്ഥാൻ റോയൽസ് ഫ്രാഞ്ചൈസി ചെയർമാൻ രഞ്ജിത് ബർതകൂർ അസം സ്വദേശിയുമാണ്. ഇരുവരും തമ്മിലുള്ള ബന്ധമാണ് പരാഗിന് നായക സ്ഥാനം നൽകിയതെന്നാണ് ആരാധകരുടെ വിമർശനം.
എന്നാൽ ജയ്‌സ്വാളിന് നായകനായി പരിചയ സമ്പത്ത് ഇല്ലെന്നും പരാഗിന് ആഭ്യന്തര ക്രിക്കറ്റിൽ ആസാമിനെ നയിച്ച പരിചയമുണ്ടെന്നും അതിനാലാണ് പരാഗിന് നായക സ്ഥാനം നല്കിയാത്തതെന്നുമാണ് ചില ആരാധകർ അഭിപ്രായപ്പെടുന്നത്.
രാജസ്ഥാന്റെ ഇനിയുള്ള മത്സരം രണ്ടു ‘ഹോം’ മത്സരങ്ങളും അസമിലെ ഗുവാഹത്തിയിലാണു നടക്കേണ്ടത്. അസം കാരനായ ക്യാപ്റ്റൻ നയിക്കുന്നതിലൂടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കൂടുതൽ സ്വാധീനമുണ്ടാക്കാനാണു രാജസ്ഥാന്റെ ശ്രമം.