ഈ മാസം നടക്കാനിരിക്കുന്ന ഇംഗ്ലീഷ് ടെസ്റ്റ് പരമ്പര ഇന്ത്യൻ ടീമിനെ സംബന്ധിച്ച് ഏറെ നിർണായകമാണ്. വിരാട് കോഹ്‌ലിയും രോഹിത് ശർമയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ച സാഹചര്യത്തിൽ ടീം ഇന്ത്യ ഇനി റെഡ്‌ബോൾ ക്രിക്കറ്റിനെ എങ്ങനെ നേരിടുമെന്നതാണ് പ്രധാന വെല്ലുവിളി. ഇതിനിടയിൽ കോഹ്‌ലിയുടെ വിരമിക്കൽ പിൻവാങ്ങലിനെ പറ്റി ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് മുൻ ഓസിസ് നായകൻ മൈക്കൽ ക്ലാർക്ക്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ തോറ്റാൽ വിരാട് കോഹ്ലി വിരമിക്കൽ തീരുമാനം പിൻവലിക്കാൻ തയാറായേക്കുമെന്നാണ് അദ്ദേഹത്തിൻറെ വാക്കുകൾ. ബിസിസിഐ സിലക്ടർമാരും ക്യാപ്റ്റൻ ശുഭ്മന്‍ ഗില്ലും അഭ്യർഥിച്ചാൽ വിരമിക്കൽ തീരുമാനത്തിൽനിന്ന് പിൻവാങ്ങി, ഇന്ത്യൻ ടീമിലേക്കു തിരിച്ചുവരാൻ കോലി തീരുമാനിക്കുമെന്നും ക്ലാർക്ക് വ്യക്തമാക്കി.
‘‘ഇന്ത്യ തോൽക്കുകയാണെങ്കിൽ വിരാട് കോലി തിരിച്ചുവരണമെന്ന് ആരാധകർ ഉറപ്പായും ആവശ്യപ്പെടും. സിലക്ടർമാരും ക്യാപ്റ്റനും ആവശ്യപ്പെട്ടാൽ കോലി വരും എന്നാണ് എനിക്കു തോന്നുന്നത്. അദ്ദേഹത്തിന് ഇപ്പോഴും ടെസ്റ്റ് ക്രിക്കറ്റ് ഇഷ്ടമാണ്. അത് അദ്ദേഹത്തിന്റെ വാക്കുകളിൽനിന്നു തന്നെ വ്യക്തമാണ്. വിരാട് കോലി ഇപ്പോഴും നന്നായി കളിക്കുന്നുണ്ട്.’’– മൈക്കൽ ക്ലാർക്ക് ഒരു പോഡ്കാസ്റ്റിൽ പ്രതികരിച്ചു.
ഇക്കഴിഞ്ഞ ഐപിഎൽ കിരീട നേട്ടത്തിന് ശേഷവും വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിനെ പറ്റി സംസാരിച്ചിരുന്നു. ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ലെവലാണ് ടെസ്റ്റ് ക്രിക്കറ്റ് എന്നും ഐപിഎൽ അതിന് അഞ്ച് സ്റ്റെപ്പ് താഴെയാണെന്നുമായിരുന്നു കോഹ്ലി പറഞ്ഞത്.
ശുഭ്മാൻ ഗില്ലിന്റെ നായകത്വത്തിൽ ഇന്ത്യ റെഡ്‌ബോളിൽ പുതിയ തുടക്കം കുറിക്കുമ്പോൾ എങ്ങനെയായിരിക്കും ടീമിന്റെ പ്രകടനമെന്നതാണ് ഇനി നിർണായകം. 2007ലാണ് ഇന്ത്യ ഇംഗ്ലണ്ടിൽ അവസാനമായി പരമ്പര വിജയിച്ചത്. കോലിയും രോഹിത് ശർമയും ഇല്ലാതെ വിദേശമണ്ണിൽ ഇറങ്ങുന്ന ഇന്ത്യ വലിയ വെല്ലുവിളി നേരിടേണ്ടിവരുമെന്ന് ഉറപ്പാണ്.