എനസ് സിപോവിച്ച്. ഈ പേര് ബ്ലാസ്റ്റേഴ്‌സ് ആരാധകർ അത്ര പെട്ടെന്നൊന്നും മറക്കാൻ ഇടയില്ല. ഇവാൻ വുകമനോവിച്ചിന്റെ ബ്ലാസ്റ്റേഴ്സിലെ ആദ്യ സീസണിലെ പ്രതിരോധ താരമായിരുന്നു ഈ ബോസ്നിയക്കാരൻ. ബ്ലാസ്റ്റേഴ്‌സ് ഫൈനൽ കളിച്ച 2021-22 സീസണിലെ ടീമിന്റെ പ്രധാന താരമായ സിപോവിച്ച് ഫുട്ബാളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. 34 ആം വയസ്സിലായിരുന്നു താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം.

അൽവാരോ വാസ്‌കസ്, ഡയസ്, ലൂണ, ലെസ്‌കോവിച്ച് ഒന്നിച്ച് പന്ത് തട്ടിയ ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച സീസണിലെ പ്രധാന താരമായിരുന്നു സിപോവിച്ച്. 2020-21 സീസണിൽ ചെന്നൈയിൻ എഫ്സിയിൽ കളിച്ച താരത്തെ തൊട്ടടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുകയിരുന്നു. കിട്ടിയ അവസരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചെങ്കിലും തൊട്ടടുത്ത സീസണിൽ താരത്തെ ബ്ലാസ്റ്റേഴ്‌സ് നിലനിർത്തിയില്ല.

കേരളാ ബ്ലാസ്റ്റേഴ്സിനായി 14 മത്സരങ്ങൾ കളിച്ച താരം ഒരു ഗോളും നേടിയിട്ടുണ്ട്. കരിയറിലാകെ 234 മത്സരങ്ങൾ കളിച്ച താരം ഒമ്പത് ഗോളുകളും നേടിയിട്ടുണ്ട്.

ബ്ലാസ്റ്റേഴ്‌സ് വിട്ടതിന് ശേഷം കുവൈറ്റ് ക്ലബ് അൽ- ജഹ്റയ്ക്ക് വേണ്ടി കളിച്ച താരം അവസാന രണ്ട് സീസണുകളിൽ ബോസ്‌നിയൻ ക്ലബ്ബുകൾക്കൾക്കായും കളിച്ചു. കഴിഞ്ഞ വർഷം കളിച്ച ബോസ്‌നിയൻ ക്ലബായ ഗബേലയാണ് താരത്തിന്റെ അവസാന ക്ലബ്.

ബോസ്‌നിയൻ ദേശീയ ടീമിനായി 15 തവണയും താരം കളിച്ചിട്ടുണ്ട്.