ഐപിഎല്ലിന് ശേഷം ഇന്ത്യ വൈറ്റ് ബോൾ സീരിയസിലേക്ക് കടക്കുകയാണ്. അഞ്ച് ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ ഇംഗ്ലീഷ് പരമ്പരയാണ് ഇന്ത്യയ്ക്ക് ഇനിയുള്ളത്. രോഹിത്, കോഹ്ലി യുഗത്തിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര കൂടിയാണിത്. നിർണായകമായ ടെസ്റ്റ് പരമ്പരയ്ക്ക് ഇറങ്ങും മുമ്പേ ഇന്ത്യൻ സെലക്ടർമാർക്ക് ഒരു നിർദേശം നൽകിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം രവി അശ്വിൻ.
ഇന്ത്യയുടെ ചൈനമാൻ സ്പിന്നർ കുൽദീപ് യാദവിനെ ഇന്ത്യ നിർബന്ധമായും ഇംഗ്ലീഷ് പരമ്പരയിൽ ഉൾപ്പെടുത്തണമെന്നാണ് അശ്വിന്റെ നിർദേശം. ഇംഗ്ലണ്ടിലെ പിച്ചിൽ നിർണായക ഘടകമായി മാറാൻ സാധിക്കുന്ന താരമാണ് ആദ്ദേഹമെന്നാണ് അശ്വിന്റെ വാക്കുകൾ.
പിച്ച് പൂര്‍ണമായും പച്ചപ്പ് നിറഞ്ഞതല്ലെങ്കില്‍ കുല്‍ദീപ് യാദവിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതെ ഇന്ത്യ കളിക്കുന്നത് ഉചിതമായിരിക്കില്ലെന്ന് അശ്വിൻ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പച്ചപ്പുള്ള പിച്ചാണെങ്കില്‍ ഇന്ത്യക്ക് ഒരു സ്പിന്നറെ ഇലവനില്‍ നിന്നും ഒഴിവാക്കുകയും ചെയ്യാമെന്നും അശ്വിൻ പറയുന്നു.
ഇംഗ്ലണ്ടിന്റെ അഗ്രസീവ് ശൈലിയായ ബാസ് ബോളിനെ തടഞ്ഞു നിര്‍ത്താനുള്ള ബൗളിങ് വേരിയേഷനുകള്‍ കുല്‍ദീപിന്റെ പക്കലുണ്ടെന്നും അശ്വിൻ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിന്റെ അഭിപ്രായം.
കൂടാതെ ഇംഗ്ലീഷ് പരമ്പരയിലെ സാധ്യത ഇലവനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ലോകേഷ് രാഹുൽ, യശ്വസി ജയ്‌സ്വാൾ, സായി സുദർശൻ, ശുഭ്മാൻഗിൽ, ജഡേജ, ഋഷഭ് പന്ത്, നിതീഷ് റെഡി, ശാർദൂൽ താക്കൂർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിങ്ങനെയാണ് അശ്വിന്റെ സാധ്യത ഇലവൻ.