CricketCricket LeaguesIndian Premier League

ആർസിബിയുടെ നഷ്ടം; പഞ്ചാബിന്റെ വീരനായകനായത് ആർസിബി കൈവിട്ട താരം

ഗുജറാത്തിനെ അവരുടെ തട്ടകത്തിൽ പരാജയപ്പെടുത്തി പഞ്ചാബ് കിങ്‌സ് സീസണിലെ ആദ്യവിജയം നേടിയപ്പോൾ പഞ്ചാബിന്റെ വിജയത്തിന് സുപ്രധാന പങ്ക് വഹിച്ചത് മുൻ ആർസിബി താരമായ വിജയകുമാർ വൈശാഖാണ്. ഇമ്പാക്റ്റ് താരമായെത്തി മത്സരത്തിൽ വമ്പൻ ഇമ്പാക്ടാണ് താരം സൃഷ്ടിച്ചത്.

മത്സരത്തിൽ മാൻ ഓഫ് ദി മാച്ചിന് അർഹനായത് പഞ്ചാബ് നായകൻ ശ്രേയസ് അയ്യർ ആണെങ്കിലും മത്സരത്തിൽ നിർണായക ടേണിങ് പോയിന്റുകൾ സൃഷ്ടിച്ചത് വൈശാഖിന്റെ ഓവറുകളാണ്. ജോസ് ബട്ട്ലറും ഷറഫാനെ റുഥർഫോർഡും ഗുജറാത്തിനായി കൂറ്റനടികൾ നടത്തുമ്പോഴാണ് വിജയകുമാർ വൈശാഖിന്റെ വരവ്.

മത്സരത്തിന്റെ പതിനഞ്ചാം ഓവർ എറിഞ്ഞ വൈശാഖ് ആ ഓവറിൽ വിട്ട് നൽകിയത് കേവലം അഞ്ച് റൺസ് മാത്രമാണ്. തന്റെ രണ്ടാം ഓവറിലും വൈശാഖ് വിട്ട് കൊടുത്തതും അഞ്ച് റൺസ് മാത്രം. അതും ബട്ലറെ പോലെ അപകടകാരിയായ ബാറ്റർ ക്രീസിലിരിക്കെ..

തന്റെ മൂന്നാം ഓവറിൽ താരം പതിനെട്ട് റൺസ് വിട്ട് കൊടുത്തെങ്കിലും അപ്പോഴേക്കും മത്സരം പഞ്ചാബിനെ വരുതിയിലായിരുന്നു. താരമെറിഞ്ഞ ആദ്യ രണ്ടോവറുകളാണ് പഞ്ചാബിന് അനുകൂലമായത്.

കഴിഞ്ഞ രണ്ട് സീസണുകളിൽ ആർസിബിയുടെ ഭാഗമായ താരത്തെ ആർസിബി നിലനിർത്തിയിരുന്നില്ല. ലേലത്തിൽ അവർ വൈശാഖിനെ വിളിച്ചെടുത്തില്ല. കേവലം 1.8 കോടിക്കാണ് താരത്തെ പഞ്ചാബ് ടീമിലെത്തിച്ചത്.