ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടർ അജിത് അഗർക്കാരുടെ ചില നടപടി ക്രമങ്ങൾ വിമർശനത്തിന് വിധേയമായിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ടീമിനെ തിരഞ്ഞെടുത്ത രീതിയാണ് ഏറ്റവും കൂടുതൽ വിമർശനത്തിന് വിധേയമായത്. അതിനെതിരെ പല മുൻ ഇന്ത്യൻ താരങ്ങളും രംഗത്ത് വരുകയും ചെയ്തിട്ടുണ്ട്. അഗർക്കാരിനെതിരെ സമാനവിമർശനം ഉയർത്തുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ നിന്ന് ശ്രേയസ് അയ്യരെ ഒഴിവാക്കിയ സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനത്തെയാണ് ഹർഭജൻ സിങ് ചോദ്യം ചെയ്തിരിക്കുന്നത്. ഐപിഎല്ലില്‍ കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും മികച്ച പ്രകടനം കാഴ്ചവച്ചിട്ടും, ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് അയ്യർക്ക് വിളിയെത്തിയിരുന്നില്ല. ഇതാണ് ഭാജിയെ ചൊടിപ്പിച്ചത്.
‘ശ്രേയസ് അയ്യര്‍ വളരെ മികച്ച കളിക്കാരനാണ്. ഏകദിനങ്ങളില്‍ അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ലോകകപ്പിലും ചാമ്പ്യന്‍സ് ട്രോഫിയിലും ഐപിഎല്ലിലും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.അതിനാല്‍ അദ്ദേഹം ടെസ്റ്റ് ടീമില്‍ ഉണ്ടാകേണ്ടതായിരുന്നു. പക്ഷേ, ഇപ്പോള്‍ സെലക്ടര്‍മാര്‍ അദ്ദേഹത്തെ ഒരു റെഡ്-ബോള്‍ കളിക്കാരനായി കാണുന്നില്ലായിരിക്കാം,താനായിരുന്നു സെലക്ടറെങ്കില്‍ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ശ്രേയസ് അയ്യരെ തീര്‍ച്ചയായും ഉള്‍പ്പെടുത്തുമായിരുന്നുവെന്നാണ് ഭാജിയുടെ വാക്കുകൾ.
നാഗ്പൂരില്‍ വിദര്‍ഭ ക്രിക്കറ്റ് ലീഗ് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെയാണ് ഭാജിയുടെ ഈ വാക്കുകൾ.
എന്നാൽ ടെസ്റ്റ് ടീമിൽ ഉൾപ്പെടാത്തത് അദ്ദേഹത്തിൻറെ കരിയറിന്റെ അവസാനമല്ലെന്നും ഭാജി കൂട്ടിച്ചേർത്തു. ഇത് ഒന്നിന്റേയും അവസാനമല്ല. അദ്ദേഹത്തിന്റെ യാത്ര നീണ്ടതാണ്. ഭാവിയിലെ ഏകദിന ക്യാപ്റ്റനാകാന്‍ പോലും സാധ്യതയുണ്ട്. ഒരു ടൂര്‍ നഷ്ടപ്പെടുത്തിയാല്‍ അദ്ദേഹത്തിന്റെ കരിയര്‍ അവസാനിച്ചു എന്നല്ല അര്‍ത്ഥമാക്കുന്നതെന്നും ഭാജി പറഞ്ഞു.