ഐഎസ്എല്ലിൽ സമ്മർ ട്രാൻസ്ഫർ വിൻഡോ ആരംഭിക്കാൻ ഇനിയും മാസങ്ങളുണ്ട്. എന്നാൽ നീക്കങ്ങൾ നേരത്തെയാക്കുകയാണ് ഐഎസ്എൽ വമ്പൻമാരായ മോഹൻ ബഗാൻ. ഒരു സ്പാനിഷ് മുന്നേറ്റതാരത്തെ അവർ ലക്ഷ്യമാക്കിയതായാണ് റിപ്പോർട്ട്.
സ്പാനിഷ് മധ്യനിരതാരം ജോനാഥാൻ വിയെരയെ അവർ ലക്ഷ്യമിടുന്നതായി മോഹൻ ബഗാനുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിക്കുന്ന മോഹൻബഗാൻ ഹബ്ബ് എന്ന എക്സ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
താരത്തെ ബഗാൻ ലക്ഷ്യം വെക്കുന്നുവെന്നും എന്നാൽ ഇതുവരെ ഔദ്യോഗിക നീക്കങ്ങളൊന്നും നടന്നിട്ടില്ലെന്നും പ്രസ്തുത അപ്ഡേറ്റിൽ പറയുന്നു.
35 കാരനായ വിയെര നിലവിൽ മലേഷ്യൻ ക്ലബ്ബായ ജോഹോർ ദാറുലിലാണ് കളിക്കുന്നത്. സീസണിൽ എഎഫ്സി ചാമ്പ്യൻസ് ലീഗ് എലൈറ്റിൽ അടക്കം കളിച്ച താരമാണ് വിയെറ.
അറ്റാക്കിങ് മിഡ്ഫീൽഡർ, ലെഫ്റ്റ് വിങ്ങർ, സെൻട്രൽ ഫോർവേഡ് എന്നീ പൊസിഷനുകളിൽ കളിക്കാൻ കെൽപ്പുള്ള താരം കൂടിയാണ് അദ്ദേഹം. സ്പാനിഷ് ക്ലബ്ബുകളായ ലാസ് പാൽമാസ്, വലൻസിയ, റെയോ വെല്ലക്കാനോ തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. സ്പെയിൻ ദേശീയ ടീമിനായും ഒരുതവണ അദ്ദേഹം ബൂട്ടണിഞ്ഞിട്ടുണ്ട്.