KBFC Transfer News: പുതിയ സീസണിന് മുന്നോടിയായി ടീം പ്രതിരോധ നിര ശക്തമാക്കാൻ വമ്പൻ നീക്കവുമായി കേരളാ ബ്ലാസ്റ്റേഴ്സ്. 28 കാരനായ മൊറോക്കൻ സെന്റർ ബാക്ക് അബ്ദൽമൗനൈം ബൗട്ടോയിലിനെ (Abdelmounaim Boutouil) ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സ് ചർച്ചകൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.
സ്വന്തം രാജ്യമായ മൊറോക്കോയ്ക്ക് പുറമെ ബെൽജിയം, സൗത്ത് ആഫ്രിക്ക, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ ലീഗുകളിൽ കളിച്ച് വലിയ പരിചയസമ്പത്തുള്ള താരമാണ് ബൗട്ടോയിൽ. ആഫ്രിക്കയിലെ വമ്പൻ ക്ലബ്ബുകളിലൊന്നായ മാമെലോഡി സൺഡൗൺസിനായി ആഫ്രിക്കൻ ഫുട്ബോൾ ലീഗ് കിരീടം നേടിയിട്ടുമുണ്ട് താരം. കൂടാതെ മൊറോക്കൻ അണ്ടർ 23, എ ടീമുകൾക്കായും അദ്ദേഹം കളിച്ചിട്ടുണ്ട്.
ആഗോള ശ്രദ്ധയാകർഷിച്ച സൗദി പ്രോ ലീഗിലാണ് താരം കഴിഞ്ഞ സീസണിൽ പന്തു തട്ടിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ അണിനിരന്ന അൽ-നസ്റിനെതിരെ കളിച്ച താരം സൗദിയിലെ വമ്പൻ ക്ലബ്ബുകളായ അൽ-ഹിലാൽ, അൽ-ഇത്തിഹാദ് എന്നിവർക്കെതിരെയും കളത്തിലിറങ്ങിയിട്ടുണ്ട്. വലിയ മത്സരങ്ങളിൽ കളിച്ച് തെളിഞ്ഞ ഈ അനുഭവസമ്പത്ത് ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന് വലിയ മേൽക്കൈ നൽകുമെന്നുറപ്പാണ്.
ALSO READ:
- ലൂണയ്ക്ക് ശേഷം ആര്? ബ്ലാസ്റ്റേഴ്സ് ഉത്തരം കണ്ടെത്തുന്നു
- ‘ഞെട്ടിക്കൽ ബ്ലാസ്റ്റേഴ്സ്’: മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമി ഹെഡ് ഇനി ബ്ലാസ്റ്റേഴ്സിന്റെ ഡഗ് ഔട്ടിൽ
ബൗട്ടോയിലിന്റെ കളിശൈലി (Abdelmounaim Boutouil Playing Style)

കളിക്കളത്തിൽ സെൻട്രൽ ബാക്ക് പൊസിഷനിലാണ് പ്രധാനമായും കളിക്കുന്നതെങ്കിലും ലെഫ്റ്റ് ബാക്കായും ഡിഫൻസീവ് മിഡ്ഫീൽഡറായും ഒരുപോലെ തിളങ്ങാൻ ബൗട്ടോയിലിന് സാധിക്കും. 1.86 മീറ്റർ ഉയരമുള്ള താരത്തിന്റെ കരുത്തുറ്റ ശരീരപ്രകൃതി ഹൈ ബോളുകൾ കൃത്യമായി പ്രതിരോധിക്കാൻ സഹായിക്കുന്ന ഒന്നാണ്.
ഡിഫൻസ് താരമാണെങ്കിൽ പോലും കീ പാസുകൾ നൽകാനുള്ള ശേഷിയാണ് താരത്തിന്റെ മറ്റൊരു പ്രത്യേകത.
ബാക്ക് ത്രീ, ബാക്ക് ഫോർ എന്നീ തന്ത്രങ്ങളിലെല്ലാം ഒരുപോലെ വഴങ്ങുന്ന ഈ താരത്തിന്റെ വരവ് ആഷ്ലി വെസ്റ്റ് വുഡിന്റെ പ്രതിരോധത്തിന് പുതിയ മാനങ്ങൾ നൽകുമെന്നുറപ്പാണ്.
ALSO READ:
- ഷെയ്ഖ് ഞെട്ടും: കൊച്ചിയിൽ കാത്തിരിക്കുന്നത് ബ്ലാസ്റ്റേഴ്സിന്റെ ഗംഭീര വരവേൽപ്പ്
- മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഗോൾ നേടിയ താരം ബ്ലാസ്റ്റേഴ്സിലേക്ക്
English Summary: Latest KBFC transfer news suggests Kerala Blasters are in talks to sign 28 year old Moroccan defender Abdelmounaim Boutouil. Having played in the Saudi Pro League against Cristiano Ronaldo, his strong aerial presence and left footed passing make him an ideal defensive target.
