ഓരോ ക്ലബ്ബിനും ഒരു മുഖമുണ്ടാവും. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ (Kerala Blasters) ആ മുഖം നായകൻ അഡ്രിയാൻ ലൂണയാണ്. കഴിഞ്ഞ സീസണിൽ ഐഎസ്എല്ലിലെ പ്രതിസന്ധി മൂലം താരത്തിന് ലോണിൽ പോകേണ്ടി വന്നെങ്കിലും 2021-ൽ ക്ലബ്ബിലെത്തിയത് മുതൽ ടീമിനായി സർവ്വതും സമർപ്പിച്ച ലൂണ, തിരിച്ചടികളുടെ കാലത്തും ബ്ലാസ്റ്റേഴ്‌സിന്റെ വിശ്വസ്തനായി നിലകൊണ്ടു. ഐ.എസ്.എല്ലിലെ മറ്റ് ക്ലബ്ബുകളിൽ നിന്നും വൻ ഓഫറുകൾ വന്നെങ്കിലും മഞ്ഞപ്പടയോടൊപ്പം നിൽക്കാൻ താരം തയ്യാറായി. മാനേജ്‌മെന്റിനും പരിശീലകർക്കുമെതിരെ വിമർശനങ്ങൾ ഉയർന്നപ്പോഴും ലൂണയെ ആരും കുറ്റപ്പെടുത്തിയില്ല. അതിനുള്ള സാഹചര്യവും അദ്ദേഹം ഉണ്ടാക്കിയിരുന്നില്ല. എന്നാൽ 34-ാം വയസ്സിൽ എത്തിനിൽക്കുന്ന ലൂണയുടെ കരാർ ഈ സീസണോടെ അവസാനിക്കുകയാണ്. അടുത്ത സീസണിൽ ലൂണ തുടരുമോ എന്ന കാര്യം ഉറപ്പില്ല. ലൂണയ്ക്ക് ശേഷം ശേഷം ക്ലബ്ബിന്റെ മുഖമാവാൻ ആരെത്തും എന്ന ചോദ്യത്തിന് ബ്ലാസ്റ്റേഴ്‌സ് ഉത്തരം കണ്ടെത്തുകയാണ്.
ലൂണയിൽ നിന്നും സനാനിലേക്ക് ( Kerala Blasters- Adrian Luna to Mohammed Sanan)

അഡ്രിയാൻ ലൂണയ്ക്ക് ശേഷം ബ്ലാസ്റ്റേഴ്‌സിന്റെ മുഖമായി ഉയർത്തിക്കാട്ടാൻ മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത് യുവ മലയാളി താരം മുഹമ്മദ് സനാനെയാണെന്ന വ്യക്തമായ സൂചനകളാണ് പുറത്തുവരുന്നത്. ആദ്യം ഒരു വർഷത്തെ കരാർ നൽകാൻ ഉദ്ദേശിച്ചിരുന്ന സനാന്, പിന്നീട് ദീർഘകാലാടിസ്ഥാനത്തിൽ മൂന്ന് വർഷത്തെ കരാർ നൽകാൻ പുതിയ മാനേജ്‌മെന്റ് തീരുമാനിച്ചതിലൂടെ നയം വ്യക്തമാവുകയാണ്.
എന്ത് കൊണ്ട് സനാൻ?
സനാനെ ക്ലബ്ബിന്റെ പ്രധാന മുഖമായി ഉയർത്തുന്നതിന് പിന്നിൽ പ്രധാനമായും ചില കാരണങ്ങളുണ്ട്
- 22 വയസ്സ് മാത്രമാണ് സനാന്റെ പ്രായം. അതിനാൽ താരത്തെ മുൻനിർത്തി ഒരു ദീർഘകാല പദ്ധതി തന്നെ ബ്ലാസ്റ്റേഴ്‌സിന് ആസൂത്രണം ചെയ്യാൻ സാധിക്കും.
- ലോക്കൽ ബോയ് എന്ന ഫാക്ടറും ഇവിടെ ശ്രദ്ധേയമാണ്. മലപ്പുറത്തുനിന്നുള്ള സനാന് മലയാളി ആരാധകരുമായി വേഗത്തിൽ ആത്മബന്ധം സ്ഥാപിക്കാനും പിന്തുണ നേടാനും കഴിയുമെന്നുറപ്പാണ്.
- മറ്റ് ഐ.എസ്.എൽ ക്ലബ്ബുകളിൽ നിന്ന് വലിയ ഓഫറുകൾ ഉണ്ടായിരുന്നിട്ടും ബ്ലാസ്റ്റേഴ്‌സിന്റെ പ്രോജക്റ്റിൽ വിശ്വസിച്ച് താരം ടീമിൽ ചേരുകയായിരുന്നു എന്നതും എടുത്ത് പറയണ്ട കാര്യമാണ്.
ഒരിക്കൽ ബ്ലാസ്റ്റേഴ്സിന്റെ മുഖമാവുമെന്ന് പ്രതീക്ഷിച്ച സഹൽ അബ്ദുൽ സമദിനെ വിറ്റഴിച്ച ചരിത്രം ബ്ലാസ്റ്റേഴ്സിനുണ്ട്. എന്നാൽ പുതിയ മാനേജ്‌മെന്റിൽ നിന്നും അത്തരത്തിലൊരു പിഴവ് ആരാധകർ പ്രതീക്ഷിക്കുന്നില്ല.
ALSO READ:
- മധ്യനിരയിലേക്ക് വീണ്ടുമൊരു റിക്രൂട്ട്: യൂറോപ്യൻ താരത്തിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ്
- ‘ഞെട്ടിക്കൽ ബ്ലാസ്റ്റേഴ്‌സ്’: മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമി ഹെഡ് ഇനി ബ്ലാസ്റ്റേഴ്സിന്റെ ഡഗ് ഔട്ടിൽ
- അറബ് യുഗത്തിലെ ആദ്യ വിദേശ സൈനിങ് പൂർത്തിയാക്കി ബ്ലാസ്റ്റേഴ്‌സ്
- മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഗോൾ നേടിയ താരം ബ്ലാസ്റ്റേഴ്സിലേക്ക്
- ഫാലോ പോയി, പകരം ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം കാക്കാൻ പുതിയ വിദേശ താരം
English Summary
Adrian Luna has been the iconic face of Kerala Blasters since 2021, but with his contract expiring, the club is preparing for a transition. Emerging Malappuram born forward Mohammed Sanan, signed on a three year deal, is positioned to become the next prominent face of Kerala Blasters.
