ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇടപെടൽ നടത്താൻ വൈകിയെങ്കിലും നിലവിൽ മികച്ച നീക്കങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നുണ്ട്. സൗരവ്, ബ്രൈസ്, രാഹുൽ കെപി, പ്രീതം കോട്ടാൽ, പ്രബീർ ദാസ്, കോയഫ് എന്നിവരെ കൈവിട്ടെങ്കിലും ദുസാൻ ലഗോറ്റർ, ബികാഷ് യുംനം എന്നീ രണ്ട് താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിട്ടുണ്ട്. ഇനിയും രണ്ട് സൈനിംഗുകൾ കൂടി ആരാധകർക്ക് പ്രതീക്ഷിക്കാമെന്നാണ് ലഭ്യമാവുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

ലഗോറ്ററിന് പിന്നാലെ ജനുവരിയിൽ ബ്ലാസ്റ്റേഴ്‌സ് മറ്റൊരു വിദേശ സൈനിങ്‌ കൂടി പ്രഖ്യാപിക്കാൻ സാധ്യതയുള്ളതായി നേരത്തെ ആശിഷ് നെഗി റിപ്പോർട്ട് ചെയ്തിരുന്നു. അതൊരു വിദേശ സെന്റർ ബാക്ക് ആവാനാണ് സാധ്യതകളെന്നാണ് ഓൾ ഇന്ത്യ ഫുട്ബോൾ എന്ന മാധ്യമം നൽകുന്ന സൂചന.

കൂടാതെ സില്ലിസ് സ്പോർട്സ് നൽകുന്ന റിപോർറ്റ് അനുസരിച്ച് ബ്ലാസ്റ്റേഴ്സിൽ ഒരു ഇന്ത്യൻ ഗോൾ കീപ്പർ കൂടി എത്തിയേക്കുമെന്നാണ്. ഫുട്ബോൾ എക്സ്ക്ലൂസീവ് എന്ന മാധ്യമം കൂടി ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. അതിനാൽ ജനുവരിയിൽ ഒരു വിദേശ താരവും ഒരു ഇന്ത്യൻ ഗോൾകീപ്പറും ബ്ലാസ്റ്റേഴ്സിലെത്താൻ കടുത്ത സാധ്യതകളുണ്ടെന്നാണ്.

അതേ സമയം, രണ്ട് താരങ്ങൾ എത്തുമ്പോൾ രണ്ട് പേർ പുറത്ത് പോവാനും സാധ്യതകളുണ്ട്. വിദേശ താരം എത്തുകയാണ് എങ്കിൽ നിലവിലെ സ്‌ക്വാഡിൽ നിന്നും ഒരു വിദേശി പുറത്ത് പോകും.

കൂടാതെ പുതിയ ഗോൾ കീപ്പർ എത്തുകയാണ് എങ്കിൽ നോറ ഫെർണാണ്ടസായിരിക്കും ക്ലബ് വിടുക. നോറയെ ലോണിൽ അയക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ നീക്കം.