ടീമിന്റെ കാര്യത്തിൽ വലിയ ഉയർച്ച ഇല്ലെങ്കിലും പണമുണ്ടാക്കുന്നതിനാൽ ബ്ലാസ്റ്റേഴ്‌സ് മാനേജമെന്റ് മിടുക്കരാണ്. വാഴക്ക ചിപ്സും ഗോലി സോഡയുമൊക്കെ അതിന് ഉദാഹരണമാണ്. ഇപ്പോഴിതാ ഒഡീഷയ്ക്കെതിരായ മത്സരത്തിലും പണമുണ്ടാക്കുനുള്ള സൂത്രം ഒപ്പിച്ചിരിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒഡീഷ എഫ്സിയ്ക്ക് കൈമാറിയ രാഹുൽ കെപിയുടെ കാര്യത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നത്തെ മത്സരത്തിൽ പണമുണ്ടാക്കാൻ ഒരുങ്ങുന്നത്. ഫ്രീ ഏജന്റ് ആവുന്നതിന് മുമ്പ് തന്നെ രാഹുലിനെ വിൽക്കാൻ കഴിഞ്ഞു എന്നത് ബ്ലാസ്റ്റേഴ്സിന്റെ മിടുക്കാണ്. കേവലം 25 ലക്ഷം രൂപയ്ക്ക് താഴെയാണ് രാഹുലിനെ ബ്ലാസ്റ്റേഴ്‌സ് വിറ്റതെങ്കിലും ഫ്രീ ഏജന്റ് ആവാൻ പോകുന്ന താരത്തെ വിറ്റ് അത്രയും രൂപ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചു. എന്നാൽ ഈ ട്രാൻസ്ഫറിൽ മാത്രമല്ല, ഈ കരാറിലെ മറ്റൊരു ക്ളോസിലും ബ്ലാസ്റ്റേഴ്‌സ് പണമുണ്ടാക്കിയിരുന്നു.

അതായത്, ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനെതിരെ രാഹുലിനെ ഒഡീഷ കളിപ്പിക്കാൻ പാടില്ല എന്ന ക്ലോസ് ഈ കരാറിൽ ബ്ലാസ്റ്റേഴ്‌സ് മുന്നോട്ട് വെച്ചിരുന്നു. ഇനി രാഹുലിനെ ബ്ലാസ്റ്റേഴ്സിനെതിരെ കളിപ്പിക്കണമെങ്കിൽ ഒഡീഷ അതിന് നിശ്ചിത തുക ബ്ലാസ്റ്റേഴ്സിന് നൽകണം.

ഇന്ന് ഒഡീഷ ബ്ലാസ്റ്റേഴ്സിനെതിരെ ഇറങ്ങുമ്പോൾ അവർ തീർച്ചയായും രാഹുലിനെ കളത്തിലിറക്കും. രാഹുൽ മത്സരത്തിനായി ഇതിനോടകം കൊച്ചിയിൽ എത്തിയിട്ടുണ്ട്. ഇന്നത്തെ മത്സരത്തിൽ രാഹുൽ ഒഡീഷയ്ക്കായി കളിച്ചാൽ കരാർ പ്രകാരം ബ്ലാസ്റ്റേഴ്സിന്റെ കീശയിൽ പണമെത്തും.

ട്രാൻസ്ഫർ മാർക്കറ്റിൽ ഇത്തരത്തിലുള്ള ഡീലുകൾ സർവസ്വാഭാവികമാണ്. അതൊക്കെയും കരാറിലേർപ്പടുന്ന ടീമുകളുടെ മിടുക്ക് പോലെയിരിക്കും. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ഇവിടെ മിടുക്ക് കാണിച്ചത് അംഗീകരിക്കണമെങ്കിലും ഈ മിടുക്ക് ടീമിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് കാണിക്കുന്നില്ല എന്നത് മറ്റൊരു വസ്തുത.