Indian Super LeagueKBFC

ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന് രക്ഷയില്ല; പുതിയ നീക്കവും പാളി

കഴിഞ്ഞ ദിവസം നടന്ന ഫാൻ അഡ്വൈസറി ബോർഡിന്റെ ആദ്യ യോഗത്തിന്റെ ചിത്രങ്ങൾ ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക അക്കൗണ്ടുകളിൽ പങ്ക് വെച്ചപ്പോൾ അതിന് താഴെ വന്ന കമന്റുകൾ വ്യക്തമാക്കും ബ്ലാസ്റ്റേഴ്സിന്റെ പുതിയ നീക്കത്തിനോട് ആരാധകർ അറിയിക്കുന്ന പ്രതിഷേധം.

ഒരു ഫുട്ബോൾ ക്ലബെന്ന നിലയിൽ സമീപ കാലത്തായി മികച്ച പ്രകടനം നടത്താൻ കേരളാ ബ്ലാസ്റ്റേഴ്‌സ് സാധിച്ചിട്ടില്ല. കൂടാതെ 11 വർഷം നിണ്ട് നിൽക്കുന്ന കിരീട വരൾച്ചയും. ഇതൊക്കെ കൊണ്ട് തന്നെയാണ് ആരാധകർ ക്ലബ്ബിനെതിരെ രൂക്ഷവിമർശനം ഉന്നയിക്കുന്നത്. ആരാധകരുടെ വിമർശനത്തിന് ശക്തി കൂട്ടാൻ ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ നടത്തിയ ഒരു നീക്കവും കാരണമായിട്ടുണ്ട്.

ഫാൻ അഡ്വൈസറി ബോർഡ് എന്ന യൂറോപ്യൻ മാതൃക ബ്ലാസ്റ്റേഴ്‌സ് പിൻപറ്റിയപ്പോൾ ഇത് വരെയും മറ്റാർക്കും കിട്ടാത്ത വിമർശനമാണ് ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടി വന്നത്. ഗുണവും ദോഷങ്ങളുമുണ്ടെങ്കിലും യൂറോപ്യൻ ക്ലബ്ബുകൾ പ്രാവർത്തികമാക്കിയ ‘FAB’ ബ്ലാസ്റ്റേഴ്‌സ് നടപ്പിലാക്കിയപ്പോൾ യൂറോപ്യൻ ക്ലബ്ബുകൾക്ക് പോലും ലഭിക്കാത്ത വിമർശനം ബ്ലാസ്റ്റേഴ്സിന് കിട്ടാൻ കാരണം മാനേജ്‌മെന്റിന്റെ തെറ്റായ നയവും ബ്ലാസ്റ്റേഴ്സിന്റെ കിരീടവരൾച്ചയുമാണ്.

ആരാധകർ ആഗ്രഹിക്കുന്നത് കളിക്കളത്തിൽ ക്ലബ് മികച്ച പ്രകടനം നടത്തുന്നതും കിരീടം നേടുന്നതുമൊക്കെയാണ്. അതാണ് ആരാധകരുടെ ആത്യന്തികമായ ആവശ്യം. അതിന് പുറത്തുള്ള കാര്യങ്ങൾ ആരാധകർക്ക് അത്ര പ്രസക്തിയുള്ള കാര്യമല്ല. റയൽ മാഡ്രിഡ് അടക്കമുള്ള ക്ലബ്ബുകൾ അവരുടെ സ്റ്റേഡിയം ഓഫ് സീസണിൽ വാടകയ്ക്ക് കൊടുക്കുമ്പോഴും മറ്റു ക്ലബ്ബുകൾ കളത്തിന് പുറത്ത് ബിസിനസ് നടത്തുമ്പോഴും ആരാധകർ അതിനെ ചോദ്യം ചെയ്യാത്തത് അവരുടെ ക്ലബ്ബുകൾ ആരാധകർക്കായി മികച്ച പ്രകടനം നടത്തുകയും കിരീടം നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്.

എന്നാലിവിടെ കിരീടമൊഴിച്ച് ബാക്കി എല്ലാം നടക്കുന്നു. ഇതാണ് ആരാധകരെ കൂടുതൽ അതൃപ്‌തരാക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഫാൻ അഡ്വൈസറി ബോർഡിന്റെ ആദ്യ യോഗത്തിന്റെ ചിത്രങ്ങൾ ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക അക്കൗണ്ടുകളിൽ പങ്ക് വെച്ചപ്പോൾ അതിന് താഴെ വന്ന കമന്റുകൾ വ്യക്തമാക്കും ബ്ലാസ്റ്റേഴ്സിന്റെ പുതിയ നീക്കത്തിനോട് ആരാധകർ അറിയിക്കുന്ന പ്രതിഷേധം.

ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പട മാനേജ്‌മെന്റിനെതിരെ തിരിഞ്ഞപ്പോൾ മഞ്ഞപ്പടയ്ക്ക് ബദലായി ബ്ലാസ്റ്റേഴ്‌സ് രൂപീകരിച്ച സംഘടനയാണ് ഫാബ് എന്നും അഭിപ്രായങ്ങളുണ്ട്.