ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ പോരായ്മകളിൽ ഒന്നായിരുന്നു ഗോൾകീപ്പിങ്. ഗോൾകീപ്പറുടെ പിഴവുമൂലം ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ വിലപ്പെട്ട പോയിന്റുകൾ നഷ്ടമായിട്ടുണ്ട്. പ്രധാനമായും സച്ചിൻ സുരേഷ്, സോം കുമാർ എന്നിവരാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഭൂരിഭാഗം മത്സരങ്ങളിലും ഗോൾവല കാത്തത്.
പ്രധാന ഗോൾകീപ്പർമാർ മോശം പ്രകടനം കാഴ്ചവച്ചപ്പോൾ നിർണായക മത്സരങ്ങളിൽ ഒരൊറ്റ അവസരം പോലും ലഭിക്കാത്ത താരമായിരുന്നു നോറ ഫെർണാണ്ടസ്. ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ പൂർണ്ണമായും അവസാനിച്ചപ്പോൾ മാത്രമാണ് നോറയ്ക്ക് അവസരം ലഭിച്ചത്.
എന്നാൽ അവസരം ലഭിച്ച മൂന്നു മത്സരങ്ങളിലും ഭേദപ്പെട്ട പ്രകടനമാണ് നോറ പുറത്തെടുത്തത്. കഴിഞ്ഞദിവസം ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് തോൽക്കാതിരുന്നതും നോറയുടെ കഴിവു മൂലമാണ്.
മത്സരത്തിൽ ഹൈദരാബാദിന് ലഭിച്ച പെനാൽറ്റി നോറ തടുത്തിടുകയും സ്കോർ ബോർഡ് 1-1 എന്ന നിലയിൽ നിലനിർത്തുകയും ചെയ്തു. ആ സേവ് നോറ നടത്തിയിരുന്നില്ല എങ്കിൽ ബ്ലാസ്റ്റേഴ്സ് അവസാന മത്സരത്തിലും പരാജയപ്പെട്ട് മടങ്ങുമായിരുന്നു.
ഇത്രയും മികച്ച ഒരു ഗോൾകീപ്പറെയാണ് ബ്ലാസ്റ്റേഴ്സ് ഇതുവരെ അവസരം പോലും നൽകാതെ അവഗണിച്ചത്. അതും പ്രധാന ഗോൾകീപ്പർമാർ മോശം പ്രകടനം തുടരുന്ന സാഹചര്യത്തിൽ. തന്നെ അവഗണിച്ചവർക്കുള്ള കൃത്യമായ മറുപടിയാണ് കഴിഞ്ഞ ദിവസം നോറ സേവ് ചെയ്ത ആ പെനാൽറ്റി കിക്ക്.