കേരളാ ബ്ലാസ്റ്റേഴ്‌സ് സുവർണാവസരം പാഴാക്കി എന്ന് പറഞ്ഞാൽ ആരാധകരൊന്നും ഞെട്ടില്ല. കാരണം ട്രാൻസ്ഫർ വിപണിയിലും കളിക്കളത്തിലുമൊക്കെ ഒരുപാട് സുവർണാവസരം പാഴാക്കിയവരാണ് ബ്ലാസ്റ്റേഴ്‌സ്. ഇപ്പോഴിതാ അക്കാര്യം ആവർത്തിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.
പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മെർഗുല്ലോയുടെ റിപ്പോർട്ട് പ്രകാരം ഡ്യൂറൻഡ് കപ്പിന് പങ്കെടുക്കാനില്ലെന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് അറിയിച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ബ്ലാസ്റ്റേഴ്‌സ് ഡ്യൂറൻഡ് കപ്പ് അധികൃതർക്ക് കത്തെഴുതിയതായും മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു.
ബ്ലാസ്റ്റേഴ്‌സ് മാത്രമല്ല, ഐഎസ്എല്ലിലെ ഒട്ട്മുക്കാൽ ക്ലബ്ബുകളും ഡ്യൂറൻഡ് കപ്പ് കളിക്കുന്നില്ല. ഇത്തരത്തിൽ വലിയ ക്ലബ്ബുകൾ ഇല്ലാത്ത സാഹചര്യത്തിൽ ഡ്യൂറൻഡ് കപ്പ് കളിച്ച് കിരീടം നേടാനുള്ള ഒരു അവസരമായിരുന്നു ബ്ലാസ്റ്റേഴ്സിനിത്. അതും ഇപ്പോൾ പാഴാക്കിയിരിക്കുകയാണ് ക്ലബ്.
കിരീടം നേടാത്ത ക്ലബ്ബുകളും ടീമുകളും കിരീടം നേടുന്ന വർഷം കൂടിയാണിത്. അതിനാൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇത്തവണ ഭാഗ്യത്തിന്റെ ഒരു ആനുകൂല്യം കൂടി ഇത്തവണത്തെ ഡ്യൂറൻഡ് കപ്പിൽ പ്രതീക്ഷിച്ചിരുന്നു. അതെല്ലാം ഇപ്പോൾ അസ്തമിച്ചിരിക്കുകയാണ്.
അതേ സമയം, എഐഎഫ്എഫും- എഫ്എസ്ഡിഎല്ലും തമ്മിലെ തർക്കം കാരണം ഇത്തവണത്തെ ഐഎസ്എൽ ഷെഡ്യൂൾ പോലും എഐഎഫ്എഫ് കലണ്ടറിൽ നിന്നും പുറത്തായിരുന്നു. ഈ തർക്കമാണ് ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെയുള്ള ക്ലബ്ബുകൾ ഡ്യൂറൻഡ് കപ്പിൽ നിന്നും പിന്മാറാൻ കാരണം.