പ്രമുഖ വെബ്സൈറ്റായ ട്രാൻസ്ഫർ മാർക്കറ്റിന്റെ കണക്കുകൾ പ്രകാരം ഐഎസ്എല്ലിലെ ഏറ്റവും മൂല്യമേറിയ ക്ലബ്ബുകളിൽ രണ്ടാമതാണ് കേരള ബ്ലാസ്റ്റേഴ്സ്. 47 കോടിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മാർക്കറ്റ് വാല്യൂ. ഇക്കാര്യത്തിൽ ഒന്നാം സ്ഥാനത്തുള്ളത് മോഹൻ ബഗാനാണ്. 57 കൂടിയാണ് ബഗാന്റെ മൂല്യം.
ബഗാനും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള അന്തരം കേവലം പത്ത് കോടി മാത്രമാണ്. പക്ഷേ കിരീടത്തിന്റെ കാര്യത്തിലും പ്രകടനത്തിന്റെ കാര്യത്തിലും അവർ നമ്മളെക്കാൾ ബഹുദൂരം മുന്നിലാണ്. വിപണി മൂല്യത്തിൽ ബഗാന് തൊട്ടു പിന്നിൽ ഉണ്ടായിട്ടും എന്തുകൊണ്ടാണ് നമുക്കൊരു കിരീടം പോലും ലഭിക്കാത്തത്? പരിശോധിക്കാം…
പ്രധാനമായും മാനേജ്മെന്റിന്റെ സമീപനം തന്നെയാണ് ഇരുവർക്കും തമ്മിലെ പ്രധാന വ്യത്യാസം. ബഗാൻ വളരെ കൃത്യതയോടെ കാര്യങ്ങൾ പ്ലാൻ ചെയ്യുമ്പോൾ, ബ്ലാസ്റ്റേഴ്സ് പദ്ധതി എന്ന പേരിൽ എന്തൊക്കെയോ തട്ടിക്കൂട്ട് കാര്യങ്ങൾ നടത്തുന്നു.അവർ ഇന്ത്യയിലെ മികച്ച താരങ്ങളെ സൈൻ ചെയ്യുന്നു. നമ്മൾ മികച്ച താരങ്ങളെ വിറ്റഴിച്ച്, അനുഭവസമ്പത്ത് കുറവുള്ള, താരതമ്യേന പ്രതിഫലം കുറവായ താരങ്ങളെ ടീമിലെത്തിക്കുന്നു. ഇത് ടീമിന്റെ പ്രകടനത്തെയും ബാധിക്കുന്നു.
അവർ അവരുടെ അക്കാദമികളിൽ മികച്ച താരങ്ങളെ സൃഷ്ടിക്കുന്നതോടൊപ്പം, മികച്ച താരങ്ങളെ ടീമിലെത്തിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ബ്ലാസ്റ്റേഴ്സ് അക്കാദമി താരങ്ങളെ കൂടുതലായും ആശ്രയിക്കുന്നു. ‘ലാമാസിയ’ അക്കാദമി അല്ല ബ്ലാസ്റ്റേഴ്സിന്റെ അക്കാദമി എന്ന കാര്യം ഇപ്പോഴും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് മനസ്സിലായിട്ടില്ല. അക്കാദമി താരങ്ങൾക്ക് അവസരം നൽകേണ്ടത് ക്ലബ്ബിന്റെ ഉത്തരവാദിത്വമാണ്, എന്നാൽ അതു മാത്രം ആശ്രയിച്ച് മികച്ച താരങ്ങളെ ടീമിലെത്തി ക്കാത്തത് ക്ലബ്ബിന്റെ നിരുത്തരവാദിത്വമാണ്.
കൂടാതെ ബഗാൻ എല്ലായിപ്പോഴും തങ്ങളുടെ ടീമിനെ അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. ഓരോ സീസണിലും ഓരോ പൊസിഷനുകളിലേക്കും അന്ന് ലഭ്യമാകുന്ന മികച്ച താരങ്ങളെയാണ് അവർ ടീമിൽ എത്തിക്കുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്സ് ഇപ്പോഴും അക്കാര്യത്തിൽ അപ്ഡേറ്റഡ് അല്ല. ഇതിന് ഉദാഹരണമാണ് സന്ദീപ് സിംഗിനും മിലോസിനും കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് പുതിയ കരാർ നൽകിയത്.