യുവതാരങ്ങളെ വളർത്തുന്നു എന്ന് അവകാശപ്പെടുമ്പോഴും ചില യുവതാരങ്ങൾക്ക് കൃത്യമായ പരിഗണന നൽകാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടില്ല. പരിഗണന നൽകുന്നില്ല എന്ന് മാത്രമല്ല, കടുത്ത അവഗണന കൂടി ചില താരങ്ങൾ ബ്ലാസ്റ്റേഴ്സിൽ നേരിട്ടുണ്ട്. ഇത്തരത്തിൽ മികച്ച പ്രകടനം നടത്തിയിട്ടും വർഷങ്ങളോളം ബ്ലാസ്റ്റേഴ്സ് അവഗണിച്ച ഒരു യുവതാരത്തെ പറ്റി നമ്മുക്ക് പരിശോധിക്കാം…
2021 മുതൽ ബ്ലാസ്റ്റേഴ്സിന്റെ യൂത്ത് ടീമിൽ ഭാഗമായ മലയാളി താരം മുഹമ്മദ് അജ്സലിനെ കുറിച്ചാണ് പ്രതിപാദിക്കുന്നത്, ഇതിനോടകം ശ്രദ്ധേയമായ പ്രകടനം കാഴ്ച്ച വെച്ചിട്ടും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ കണ്ണിൽ പെടാത്ത താരമാണ് അജ്സൽ. കഴിഞ്ഞ 4 വർഷത്തോളമായി ബ്ലാസ്റ്റേഴ്സിലുണ്ടെങ്കിലും ഒരിക്കൽ പോലും താരത്തിന് സീനിയർ ടീമിൽ അവസരം ലഭിച്ചിട്ടില്ല.
2022-23 സീസണിൽ ബ്ലാസ്റ്റേഴ്സ് റിസേർവ് ടീമിനായി ആർഎഫ്ഡിഎലും ഡ്യൂറണ്ട് കപ്പും കളിച്ച അജ്സൽ 9 മത്സരങ്ങളിൽ നിന്നും ഏഴ് ഗോൾ നേടിയിട്ടുണ്ട്. 2023-24 സീസണിൽ ബ്ലാസ്റ്റേഴ്സിൽ നിന്നും ലോണിൽ ഇന്റർ കാശിയിലേക്ക് പോയ അജ്സൽ അവിടെ 14 മത്സരങ്ങളിൽ നിന്ന് 4 ഗോളുകൾ നേടിയിട്ടുണ്ട്. അതും സൂപ്പർ സബ്ബായി ഇറങ്ങി. ഇതിനിടയിൽ സന്തോഷ് ട്രോഫിയിൽ കേരളാ ടീമിനായി മികച്ച പ്രകടനവും അജ്സൽ നടത്തി.
ഇന്ത്യൻ സ്ട്രൈക്കർമാർക്ക് ഡിമാൻഡ് ഉണ്ടായിട്ടും അജ്സലിന് സീനിയർ സ്ക്വാഡിൽ എന്ത് കൊണ്ട് ബ്ലാസ്റ്റേഴ്സ് അവസരം നൽകുന്നില്ല എന്നത് അതിശയകരമാണ്. മികച്ചൊരു ടാലന്റ് കൈയ്യിലുണ്ടായിട്ടും സീനിയർ ടീമിലെ അവസരം നൽകാതെ ലോണിൽ നൽകിയും യൂത്ത് ടീമിലേക്ക് അയച്ചും അജ്സലിനെ ബ്ലാസ്റ്റേഴ്സ് തട്ടിക്കളിക്കുമ്പോൾ താരത്തിനെതിരെ മാനേജ്മെന്റിന്റ വ്യക്തിവിരോധമുണ്ടോ എന്ന് പോലും തോന്നിപ്പോവും.
താരത്തിന് 2026 വരെ ബ്ലാസ്റ്റേഴ്സിൽ കരാറുണ്ട്. അടുത്ത സീസണിൽ താരം സീനിയർ സ്ക്വാഡിൽ എത്തുമോ എന്ന കാര്യവും ഉറപ്പില്ല. എങ്കിലും മികച്ച ടാലന്റുകൾക്ക് പരിഗണന നൽകുന്ന പുതിയ പരിശീലകൻ ഡേവിഡ് കറ്റാലയുടെ കീഴിൽ നല്ല കാലം വരുമെന്ന പ്രതീക്ഷയിലാണ് താരം.