മുംബൈ ഇന്ത്യന്‍സിന് ഇന്ന് മൂന്നാം തോല്‍വി രുചിക്കേണ്ടി വന്നിരിക്കുകയാണ്. ഇന്നലെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ 12 റണ്‍സിനാണ് മുംബൈയുടെ തോല്‍വി. 204 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിന് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനാണ് സാധിച്ചത്. മുംബൈയുടെ പരാജയത്തിന് പിന്നാലെ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഉയർന്നത് മുംബൈ താരത്തിന് തന്നെയാണ്..
മത്സരത്തിൽ മുംബൈയുടെ ഇമ്പാക്ട് പ്ലയെർ ആയെത്തിയ തിലക് വർമയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടി വന്നത്. മലയാളി സ്പിന്നര്‍ വിഘ്‌നേഷ് പുത്തൂരിന് പകരമാണ് തിലക് ഇമ്പാക്ട് പ്ലയെർ ആയി എത്തുന്നത്. എന്നാൽ യാതൊരു ഇമ്പാക്റ്റും ഉണ്ടാക്കാൻ താരത്തിന് സാധിച്ചില്ല എന്ന് മാത്രമല്ല, മത്സരത്തിൽ മുംബൈയെ സമ്മർദ്ദത്തിലേക്ക് വീഴ്ത്തുകയും ചെയ്തു.
തകർത്തടിക്കേണ്ട സമയത്ത് ക്രീസിലെത്തിയ തിലക് 23 പന്തിൽ 25 റൺസാണ് നേടിയത്. ഒടുവില്‍ താരം റിട്ടയേര്‍ഡ് ഔട്ടായി ക്രീസ് വിടുകയും ചെയ്തു. തിലക് അഗ്രസീവായി കളിച്ചിരുന്നുവെങ്കിൽ മുംബൈ മത്സരം ജയിക്കുമായിരുന്നുവെന്നാണ് ആരാധകരുടെ അഭിപ്രായം.
അതേ സമയം, തുടക്കത്തിൽ തന്നെ ഓപ്പണർമാർ നഷ്ടമായ മുംബൈക്ക് സൂര്യകുമാര്‍ യാദവ്- നമാന്‍ ധിര്‍ ജോഡി വിജയപ്രതീക്ഷ നൽകിയിരുന്നു. മൂന്നാം വിക്കറ്റില്‍ 69 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടാണ് ഇവർ സൃഷ്ടിച്ചത്.
സൂര്യകുമാര്‍ യാദവ് (43 പന്തില്‍ 67), നമന്‍ ധിര്‍ (24 പന്തില്‍ 46) റൺസുകൾ നേടി. അതേ സമയം മത്സരത്തിൽ മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍ നാല് ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു.