സീസണിൽ മിന്നും ഫോമിലാണ് ലക്നൗ സൂപ്പർ ജയന്റസിന്റെ വിൻഡീസ് വെടിക്കെട്ട് താരം നിക്കോളാസ് പൂരൻ. ആറ് മത്സരങ്ങളിൽ നിന്നും 349 റൺസ് നേടിയ പൂരൻ തന്നെയാണ് സീസണിലെ നിലവിലെ ഓറഞ്ച് ക്യാപ് ഉടമയും. എന്നാൽ പൂരൻ ഈ സീസണിൽ ഇത് വരെ അടിച്ച സിക്സറുകളുടെ എണ്ണവും ഐപിഎല്ലിലെ പ്രമുഖർ നേടിയ സിക്സറുകളും ഏതാണ്ട് തുല്യമാണ് എന്നത് കൗതുകകരം.
സീസണിൽ മോശം ഫോമിൽ ഇഴയുന്ന ചെന്നൈ സൂപ്പർ കിങ്‌സ് സീസണിലെ ആറ് മത്സരങ്ങളിൽ ഇത് വരെ നേടിയത് 32 സിക്സറുകളാണ്. എന്നാൽ പൂരൻ ഒറ്റയ്ക്ക് മാത്രം ആറ് മത്സരങ്ങളിൽ നിന്ന് നേടിയത് 31 സിക്സറുകളാണ്.
ചെന്നൈ സൂപ്പർ കിങ്‌സ് സീസണിൽ എത്ര മാത്രം മോശം ഫോമിലാണ് കടന്ന് പോകുന്നത് എന്ന് മനസിലാക്കാൻ ഇതിലും വലിയ കണക്കുകൾ ആവശ്യമില്ല.
ടി20 ക്രിക്കറ്റിൽ ഏറെ പ്രധാനമാണ് സിക്‌സറുകൾ. എന്നാൽ പവർ പ്ലേയിൽ പോലും സിക്സറടിക്കാൻ പറ്റാത്ത ടീമാണ് സിഎസ്കെ. പഞ്ചാബിനെതിരെയുള്ള മത്സരത്തിൽ സിഎസ്കെ ആദ്യ സിക്സർ നേടുന്നത് പത്താം ഓവറിലാണ്.
ഏതായാലും പുതിയ കണക്കുകൾ സിഎസ്കെ ആരാധകരെ നാണം കെടുത്തുന്നുണ്ട്.