മലയാളി താരം രാഹുൽ കെപിയ്ക്ക് കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ടതോടെ കഷ്ടകാലം അവസാനിച്ചിരിക്കുകയാണ്. കഷ്ടകാലം അവസാനിച്ചു എന്ന് മാത്രമാണ് നല്ല കാലം വന്ന് തുടങ്ങിയിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സ് വിട്ട് ഒഡീഷയിൽ എത്തിയ ആദ്യ മത്സരത്തിൽ തന്നെ ഒഡീഷയുടെ ഹീറോ ആയി മാറിയിരിക്കുകയാണ് ഈ മലയാളി താരം.
ഇന്ന് നടന്ന ചെന്നൈയിൻ എഫ്സിക്കെതിരെയുള്ള മത്സരത്തിൽ ആദ്യ ഇലവനിൽ ഇടംപിടിച്ച രാഹുൽ മത്സരത്തിന്റെ മുഴുവൻ സമയവും കളിച്ചു എന്ന് മാത്രമല്ല, മത്സരത്തിൽ ഒഡീഷയെ തോൽവിയിൽ നിന്നും രക്ഷിച്ചിരിക്കുകയാണ് ഈ മലയാളി മുന്നേറ്റ താരം.
ചെന്നൈയിൻ എഫ്സിക്കെതിരെയുള്ള മത്സരത്തിൽ 80 മിനുട്ട് വരെ ആധിപത്യം ചെന്നൈക്കായിരുന്നു. വിൽമാർ ജോർദാൻ ഗിൽ നേടിയ ഇരട്ട ഗോളുകളിൽ മുന്നിട്ട് നിന്ന ചെന്നൈയ്ക്ക് ഒഡീഷ ആദ്യ അടി നൽകിയത് പുതിയ വിദേശ താരമായ ഡോറിയുടെ ഗോളിലാണ്. 80 ആം മിനുട്ടിലാണ് ഡോറിയുടെ ഗോൾ.
മത്സരം 2-1 എന്ന നിലയിൽ ചെന്നൈയിൻ വിജയിച്ചു എന്ന രീതിയിൽ അവസാനിക്കാനിരിക്കെയാണ് ഇഞ്ചുറി സമയത്തിന്റെ അവസാന മിനുട്ടിൽ രാഹുൽ കെപിയുടെ ഷോട്ടിൽ ഒഡീഷ സമനില നേടുന്നത്. ചെന്നൈയിൻ ഗോൾ കീപ്പർ മുഹമ്മദ് നവാസിന്റെ ഓൺ ഗോളായാണ് ആ ഗോൾ രേഖപ്പെടുത്തിയത് എങ്കിലും ആ ഗോളിന്റെ അവകാശി കെപി രാഹുലാണ്.
ബ്ലാസ്റ്റേഴ്‌സ് വിട്ട താരത്തിന് രാജകീമായ തുടക്കം തന്നെയാണ് ഒഡീഷയിൽ ലഭിച്ചത്. രാഹുലിന്റെ ഗോളിലാണ് മത്സരത്തിൽ ഒഡീഷ തോൽക്കാതിരുന്നത്. ബ്ലാസ്റ്റേഴ്‌സ് നിരന്തരം ആരാധക വിമർശനം നേരിട്ട താരമാണ് ഒഡീഷയിൽ ഒറ്റ മത്സരം കൊണ്ട് ഹീറോ ആയി മാറിയിരിക്കുന്നത്.