ഐപിഎൽ സീസണിലെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് സൺറൈസസ് ഹൈദരബാദിനോട് പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്. 287 റൺസ് പിന്തുടർന്ന രാജസ്ഥാന് 44 റൺസിന്റെ പരാജയമാണ് രുചിക്കേണ്ടി വന്നത്. ഇനിയും മത്സരങ്ങൾ ബാക്കി നിൽക്കെ, ഈ തോൽവിയിലും രാജസ്ഥാൻ നിരയിൽ സഞ്ജുവിന് ആത്മവിശ്വാസം നൽകുന്ന രണ്ട് താരങ്ങൾ കൂടിയുണ്ട്. ആരൊക്കെയാണ് പരിശോധിക്കാം…
സീസണിലെ ആദ്യ മത്സരം കൂടിയായിരുന്നു ഇന്നലെ നടന്നത്, കൂടാതെ ഫ്ലാറ്റ് ട്രാക്ക് പിച്ചായത് കൊണ്ട് ഈ പ്രകടനം അടുത്ത മത്സരങ്ങളിൽ രാജസ്ഥാനെ ബാധിക്കില്ല. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ രാജസ്ഥാൻ തോറ്റെങ്കിലും രണ്ട് യുവതാരങ്ങളുടെ പ്രകടനം ടീമിന് ആശ്വാസം നൽകുന്നുണ്ട്. ആ രണ്ട് പേരും നേരത്തെ ആരാധകരുടെ വിമർശനം ഏറ്റുവാങ്ങിയ താരങ്ങളാണ് എന്നതും ഒരു പ്രത്യേകതയാണ്.
റിറ്റൻഷനിൽ റോയൽസ് നിലനിർത്തിയ ധ്രുവ് ജ്യൂറേലാണ് ആദ്യ താരം. സഞ്ജു ഉണ്ടായിരിക്കെ 14 കോടി മുടക്കി ജുറേലിനെ നിലനിർത്തിയത് എന്തിനാന്നെന്ന് വിമർശനം ആദ്യഘട്ടത്തിൽ ഉയർന്നിരുന്നു. എന്നാൽ ഇന്നലെ, രാജസ്ഥാന്റെ ടോപ് ഓർഡർ തകർന്ന് സമയത്ത് സഞ്ജു സാംസണുമായി ചേർന്ന് 35 പന്തിൽ താരം നേടിയ 70 റൺസ് ഏറെ പ്രധാനപ്പെട്ടതായിരുന്നു. താരത്തിന്റെ ഈ പക്വത രാജസ്ഥാന് ഇനിയുള്ള മത്സരങ്ങളിൽ ഗുണകരമാവുമെന്ന് ഉറപ്പാണ്.
മറ്റൊരാൾ, ലേലത്തിൽ ആറര കോടിക്ക് സ്വന്തമാക്കിയ തുഷാർ ദേശ്പാണ്ട്യയാണ്. ഇന്നലെ രാജസ്ഥാൻ ബൗളർമാർക്ക് കണക്കിന് തല്ല് കിട്ടിയപ്പോൾ അല്പം ഭേദപ്പെട്ട പ്രകടനം നടത്തിയത് തുഷാർ മാത്രമാണ്. 4 ഓവറിൽ 44 റൺസ് വഴങ്ങി താരം 3 വിക്കറ്റുകളാണ് വീഴ്ത്തിയത്. 11.00 ആയിരുന്നു താരത്തിന്റെ ഇക്കോണമി.
11.00 എന്ന എന്ന ഇക്കോണോമി മോശം കണക്കുകളല്ലേ എന്ന ചോദ്യം ഉയരുമ്പോഴും ഇന്നലെ മത്സരം നടന്ന ഹൈദരാബാദിലെ ഫ്ലാറ്റ് പിച്ചിൽ ഈ കണക്ക് ഒരല്പം മാന്യമാണ്. ഇന്നലെ നാല് ഓവറുകൾ എറിഞ്ഞവരിൽ ഹർഷൽ പട്ടേൽ കഴിഞ്ഞാൽ ഏറ്റവും കുറവ് ഇക്കോണമി തുഷാറിനാണ്. ഫ്ലാറ്റ് ട്രാക്കിൽ പോലും ഭേദപ്പെട്ട രീതിയിൽ പന്തെറിഞ്ഞ തുഷാർ വരും മത്സരങ്ങളിൽ രാജസ്ഥാന് ആശ്വാസമാണ്.