ക്രിക്കറ്റിൽ നായകനോളം പ്രസക്തിയുണ്ട് വിക്കറ്റ് കീപ്പർമാർക്ക്. ബാറ്ററുടെ വ്യൂ ബാറ്ററിനെ പോലെ മനസിലാക്കാനും അതനുസരിച്ച് ഫീൽഡ് സെറ്റ്അപ്പ് നിർദ്ദേശിക്കാനും വിക്കറ്റ് കീപ്പർമാർക്ക് സാധിക്കും. എൽബിഡബ്ല്യൂവിൽ ബൗളർമാരെക്കാൾ വീക്ഷണവുമുള്ള പൊസിഷനാണ് വിക്കറ്റ് കീപ്പിംഗ്. അത് കൊണ്ടാണ് പലപ്പോഴും ഫീൽഡിലുള്ള നായകന്മാർ ഡിആർസിനായി വിക്കറ്റ് കീപ്പറുടെ അഭിപ്രായം ചോദിക്കുന്നത്.
ദിനേശ് കാർത്തിക്ക് പടിയിറങ്ങിയപ്പോൾ ആർസിബി മെഗാ ലേലത്തിൽ 11 കോടി രൂപയ്ക്ക് സ്വന്തമാക്കിയതാണ് ജിതേഷ് ശർമ്മയെ. വിലയൽപ്പം കൂടിപ്പോയോ എന്ന് ആരാധകർ ശങ്കിച്ചെങ്കിലും ഒരു കീപ്പറുടെ ക്വാളിറ്റി തനിക്കുണ്ടെന്ന് ഇന്നലെ മുംബൈയ്ക്കെതിരെ നടന്ന മത്സരത്തിൽ ജിതേഷ് തെളിയിച്ചു.
ഇന്നലെത്തെ മത്സരത്തിൽ മുംബൈ ബാറ്റിങ്ങിൽ രോഹിത് ശര്‍മ്മ ഇന്നിംഗ്സിലെ രണ്ടാമത്തെ ഓവറില്‍ തന്നെ പുറത്തായപ്പോൾ ക്രീസില്‍ ഉണ്ടായിരുന്നത് റയാന്‍ റിക്കെള്‍ട്ടണും വില്‍ ജാക്‌സുമായിരുന്നു. ഇതിൽ റിക്കിൽടന്റെ വിക്കറ്റ് നേടിയത് ഹേസൽ വുഡ് ആണെങ്കിലും അതിന്റെ ക്രെഡിറ്റ് കീപ്പർ ജിതേഷിനായിരുന്നു.
ഹേസല്‍വുഡ് എറിഞ്ഞ നാലാം ഓവറിലെ നാലാം പന്ത് റിക്കെള്‍ട്ടണിന്‍റെ പാഡില്‍ തട്ടി. എന്നാല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു താരങ്ങളുടെ ദുര്‍ബലമായ അപ്പീലിന് മുന്നില്‍ ഫീല്‍ഡ് അംപയര്‍ മൗനം പാലിച്ചു. ബോള്‍ പിച്ച് ചെയ്തത് ലൈനിന് പുറത്താണോ, ബാറ്റില്‍ തട്ടിയോ എന്ന് വ്യക്തമാവാത്ത നിമിഷം. എന്നാല്‍ വിക്കറ്റിന് പിന്നില്‍ നിന്ന് ഓടിയെത്തിയ ജിതേഷ് റിവ്യൂ എടുക്കാന്‍ ആര്‍സിബി ക്യാപ്റ്റന്‍ രജത് പാടിദാറിനെ നിര്‍ബന്ധിച്ചു.
പന്ത് പിച്ച് ചെയ്ത സ്ഥലം ചൂണ്ടിക്കാട്ടിയായിരുന്നു ജിതേഷ് തന്റെ തീരുമാനത്തിൽ ഉറച്ചത്.മനസില്ലാ മനസോടെ നായകൻ രജത് പാടിദാര്‍ നീക്കം റിവ്യൂവിന് വിട്ട് നൽകി. മൂന്നാം അംപയറുടെ പരിശോധനയില്‍ പന്ത് പിച്ച് ചെയ്തത് ലൈനില്‍ തന്നെയാണെന്നും ബാറ്റിലുരസാതെ വിക്കറ്റിലേക്ക് പാഞ്ഞുകയറുന്നതാണെന്നും തെളിഞ്ഞു. റിക്കിൽടൻ ഔട്ടാവുകയും ചെയ്തു.മുംബൈ ഇന്ത്യന്‍സ് 221 റണ്‍സ് ചേസിംഗില്‍ 3.4 ഓവറില്‍ 38-2 എന്ന നിലയില്‍ പ്രതിരോധത്തിലുമായി.
ഒരു വിക്കറ്റ് കീപ്പറുടെ നിരീക്ഷണപാടവം അടങ്ങിയ ജിതേഷിന്റെ നിലപാടിന് ശിരസില്‍ ചുംബിച്ചാണ് കിംഗ് കോലി നന്ദിയറിയിച്ചത്. കേവലം വിക്കറ്റിന് പിന്നിൽ പന്ത് പിടിക്കുന്ന ഒരാൾ എന്ന നിലയിൽ ടീമിന് ബ്രേക്ക്ത്രൂ നൽകിയ ജിതേഷിന്റെ തീരുമാനം ആർസിബിക്ക് വരും മത്സരങ്ങളിലും ഗുണകരമാണ്.