കഴിഞ്ഞ ദിവസം നടന്ന ആർസിബിയുടെ വിജയഘോഷപരിപാടി ബംഗളുരു നഗരത്തിൽ വൻ ദുരന്തമാണ് ഉണ്ടാക്കിയത്. വിജയാഘോഷപരിപാടി കാണാനെത്തിയ ആളുകൾ തിക്കിലും തിരക്കിലും പെടുകയും സ്ത്രീകൾ അടക്കം 11 പേർ മരണപ്പെടുകയും ചെയ്തിരുന്നു.
പതിനായിരക്കണക്കിന് ആരാധകർ ഒഴുകിയെത്തിയ ആഘോഷ പരിപാടികൾ വന്‍ ദുരന്തത്തിൽ കലാശിച്ചപ്പോഴും കിരീട വിജയം സമൂഹമാധ്യമങ്ങളിൽ ആഘോഷിച്ച റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ നടപടി വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിച്ച ദുരന്തത്തിന് മിനിട്ടുകൾക്ക് ശേഷമാണ് ആർസിബി എക്സ് പ്ലാറ്റ്ഫോമിൽ റോഡിന്റെ ഇരുവശത്തും നിൽക്കുന്ന ആരാധകരുടേയും ബസിനുള്ളിലെ താരങ്ങളുടെ ആഘോഷങ്ങളുടെ വീഡിയോ പങ്ക് വെച്ചത്.
ദുരന്തസമയത്ത് ആഘോഷ വീഡിയോ പങ്ക് വെച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വിമര്‍ശനം ശക്തമായി. ഇതോടെ ആർസിബി എക്‌സിൽ നിന്നും വീഡിയോ പിൻവലിക്കുകയായിരുന്നു.
വിക്ടറി പരേഡ് വെട്ടിച്ചുരുക്കിയെങ്കിലും സ്റ്റേഡിയത്തിലെ ‘ട്രോഫി മാർച്ച്’ നേരത്തേ തീരുമാനിച്ചപോലെ തന്നെ ക്ലബ്ബ് നടത്തി. സ്റ്റേഡിയത്തിലും സംഗീത, നൃത്ത പരിപാടികൾ ഉണ്ടായിരുന്നില്ല. ചിന്നസ്വാമി സ്റ്റേഡിയത്തിലെ പ്രത്യേകം തയാറാക്കിയ വേദിയിൽ കയറിനിന്ന താരങ്ങൾ ആരാധകരെ ട്രോഫി ഉയർത്തിക്കാട്ടി ആഘോഷിച്ചു.
സ്റ്റേഡിയത്തിലെ ഗാലറിയില്‍ തിങ്ങിനിറഞ്ഞ 40,000 ൽ അധികം വരുന്ന ആരാധകരുടെ ശബ്ദത്തിൽ പലപ്പോഴും സൂപ്പർ താരം വിരാട് കോലിക്കും ക്യാപ്റ്റൻ രജത് പാട്ടീദാറിനും പ്രസംഗം നിര്‍ത്തിവയ്ക്കേണ്ടിവന്നു.