സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. ആദ്യം എവേ മത്സരത്തിൽ സൺറൈസസ് ഹൈദരബാദിനോടും രണ്ടാമത് ഹോം മത്സരത്തിൽ കെകെആറിനോടുമായിരുന്നു രാജസ്ഥാന്റെ പരാജയം. ഇരു പരാജയങ്ങളിലും ചർച്ചയാവുന്നത് തകർന്നടിയുന്ന രാജസ്ഥാന്റെ ടോപ് ഓർഡറും മുൻ താരം ജോസ് ബട്ട്ലരുടെ അഭാവവുമാണ്..
ആദ്യ മത്സരത്തിൽ ഹൈദരാബാദ് ഉയർത്തിയ 287 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന് 242 റൺസ് എടുക്കാൻ സാധിച്ചിരുന്നു. അന്ന് ടോപ് ഓർഡർ ദുരന്തമായിരുന്നു. ആദ്യ 50 റൺസ് എടുക്കുമ്പോൾ തന്നെ രാജസ്ഥാന് 3 വിക്കറ്റുകൾ നഷ്ടമായിരുന്നു.
ഇന്നലെ കെകെആറിനെതിരെ 69 റൺസ് എടുക്കുമ്പോഴും 3 വിക്കറ്റുകൾ നഷ്ടമായിരുന്നു. ഈ രണ്ട് മത്സരങ്ങളിലും ടോപ് ഓർഡർ പക്വത കാണിക്കാത്തത് രാജസ്ഥാന് തിരിച്ചടിയായിരുന്നു. ഇവിടെയാണ് ജോസ് ബട്ട്ലറുടെ അഭാവം ചർച്ചയാവുന്നത്.
വിക്കറ്റുകൾ നഷ്ടമാവുമ്പോഴും റൺറേറ്റ് നിലനിർത്തി ബാറ്റ് ചെയ്യാൻ മിടുക്കനാണ് ബട്ട്ലർ. അത് താരത്തിന്റെ സമീപകാല പ്രകടനങ്ങൾ അടിവരയിട്ട് പറയുന്നുമുണ്ട്. അത്തരത്തിലൊരു ബാറ്ററുടെ നഷ്ടമാണ് സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും രാജസ്ഥാന് തിരിച്ചടിയായത്.
ഇക്കഴിഞ്ഞ റിറ്റൻഷനിൽ താരത്തെ രാജസ്ഥാൻ നിലനിർത്തിയിരുന്നില്ല. ലേലത്തിൽ തിരിച്ച് പിടിക്കാൻ നോക്കിയെങ്കിലും 15. 75 കോടിക്ക് താരത്തെ ഗുജറാത്ത് സ്വന്തമാക്കുകയായിരുന്നു.