രോഹിത് ശർമ്മയെ ഇന്ത്യൻ ഏകദിന നായക സ്ഥാനത്ത് നിന്ന് മാറ്റി പകരം ശുഭ്മാൻ ഗില്ലിനെ പുതിയ നായകനാക്കി ബിസിസിഐ നിയമിച്ചിരിക്കുകയാണ്. രോഹിതിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയത് പലരും ചോദ്യം ചെയ്യുന്നുണ്ടെങ്കിലും രോഹിത് ഇപ്പോൾ അനുഭവിക്കുന്നത് ഒരു ‘ കർമ്മ’ ആണെന്ന വിമർശനവും ശക്തമാണ്. അതിന് കാരണം 2021 ൽ പുറത്തിറങ്ങിയ crictracker എന്ന മാധ്യമത്തിന്റെ റിപ്പോർട്ട് ആണ്.
2021 ഡിസംബർ 10-ന് വന്ന ഈ റിപ്പോർട്ട് പ്രകാരം, വിരാട് കോഹ്ലി ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞപ്പോൾ, ടി20 ഫോർമാറ്റിന്റെ മാത്രം ക്യാപ്റ്റൻസി ഏറ്റെടുക്കാൻ രോഹിത് ശർമ്മയ്ക്ക് താൽപ്പര്യമുണ്ടായിരുന്നില്ല എന്നാണ്. ഏകദിനം, ടി20 എന്നീ രണ്ട് വൈറ്റ്-ബോൾ ഫോർമാറ്റുകളുടെയും പൂർണ്ണമായ ഉത്തരവാദിത്തം തനിക്ക് നൽകിയാൽ മാത്രമേ ക്യാപ്റ്റൻസി ഏറ്റെടുക്കൂ എന്ന് അദ്ദേഹം സെലക്ടർമാരെ അറിയിച്ചതായും ഈ റിപ്പോർട്ടിൽ പറയുന്നു.
ടീം ഇന്ത്യയ്ക്ക് രണ്ട് വ്യത്യസ്ത ക്യാപ്റ്റൻമാർ വേണ്ട എന്ന നിലപാടായിരുന്നു എന്നും, അതുകൊണ്ടാണ് ഏകദിന ക്യാപ്റ്റൻസി വിരാട് കോഹ്ലിയിൽ നിന്ന് മാറ്റി രോഹിത് ശർമ്മയ്ക്ക് നൽകിയതെന്നുമായിരുന്നു അന്നത്തെ ബി.സി.സി.ഐ. പ്രസിഡന്റായിരുന്ന സൗരവ് ഗാംഗുലി പറഞ്ഞത്.
എന്നാൽ ഗാംഗുലിയുടെ ഈ വിശദീകരണത്തിന് വിരുദ്ധമായി, രോഹിത് ശർമ്മയാണ് ഏകദിന ക്യാപ്റ്റൻസിയുടെ ചുമതല കൂടി ആവശ്യപ്പെട്ടതെന്നാണ് അന്നത്തെ റിപ്പോർട്ടിൽ പറയുന്നത്.
ചുരുക്കി പറഞ്ഞാൽ, വിരാട് കോഹ്‌ലിക്ക് ഇന്ത്യൻ ഏകദിന, ടെസ്റ്റ് ടീമുകളിൽ നായകസ്ഥാനം നഷ്ടമാവാനുള്ള കാരണം രോഹിത് ശർമ്മ ആണെന്നും, അന്ന് കൊഹ്‌ലിയെ പുറത്താക്കിയ രോഹിത്തിന് ഇപ്പോൾ നായകസ്ഥാനം നഷ്ടമാവാൻ കാരണം ‘ കർമ്മ’ എന്നാണ് ചില ആരാധകർ പറയുന്നത്. ( 2021 ലെ പ്രസ്തുത റിപ്പോർട്ടും ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ എക്‌സിൽ നടക്കുന്ന ചർച്ചയും താഴെ നൽകുന്നു)
content: rohit sharma odi captaincy change is ‘karma’?
