നിലവിൽ ഐഎസ്എല്ലിൽ ഗോവയിൽ നിന്നുള്ള ഏകടീമാണ് എഫ്സി ഗോവ. ഇപ്പോഴിതാ അടുത്ത സീസണിലേക്ക് ഗോവയിൽ നിന്നും മറ്റൊരു ക്ലബ് കൂടി ഐഎസ്എൽ പ്രവേശനം നേടിയിരിക്കുകയാണ്. ഗോവൻ ക്ലബായ ചർച്ചിൽ ബ്രദേഴ്സാണ് ഐഎസ്എല്ലിന് യോഗ്യത നേടിയിരിക്കുന്നത്.
ഇക്കഴിഞ്ഞ ഐ- ലീഗ് സീസണിൽ ചാമ്പ്യൻമാരായതോടെയാണ് ചർച്ചിൽ ഐഎസ്എൽ പ്രവേശനം ഉറപ്പാക്കിയത്. ഐ- ലീഗ് സീസൺ നേരത്തെ കഴിഞ്ഞെങ്കിലും ചാംപ്യൻമാരുടെ കാര്യത്തിൽ ഇന്നലെയാണ് എഐഎഫ്എഫിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ പോയിന്റുനിലയനുസരിച്ച് ഐ-ലീഗില്‍ 22 കളിയില്‍ 40 പോയിന്റുമായി ചര്‍ച്ചില്‍ ബ്രദേഴ്സ് ഒന്നാമതാണ്. ഇന്റര്‍ കാശിക്ക് 39 പോയിന്റുണ്ട്. എന്നാല്‍, ഇന്റര്‍ കാശിയുടെ മൂന്നുപോയിന്റ് വിഷയത്തില്‍ അപ്പീല്‍ ഫെഡറേഷന്റെ മുന്നിലുണ്ടായിരുന്നു.
ഐ ലീഗില്‍ ജനുവരി 13-ന് നാംധാരി ക്ലബ് ഇന്റര്‍ കാശിയെ 2-0ത്തിന് തോല്‍പ്പിച്ചിരുന്നു. മത്സരത്തില്‍ നാംധാരി കളിക്കാന്‍ അര്‍ഹതയില്ലാത്തയാളെ ഇറക്കിയെന്നുകാണിച്ച് ഇന്റര്‍ കാശി ലീഗ് അച്ചടക്കസമിതിക്ക് പരാതിനല്‍കി. നാല് മഞ്ഞക്കാര്‍ഡ് ലഭിച്ച ബ്രസീല്‍ ഫോര്‍വേഡ് ക്ലെഡ്സന്‍ കാര്‍വാലോ ഡാ സില്‍വയെ നാംധാരി കളിപ്പിച്ചതാണ് പരാതിക്കിടയാക്കിയത്.
അച്ചടക്കസമിതി പരാതി അംഗീകരിച്ച് ഇന്റര്‍ കാശി മൂന്നുഗോളിന് ജയിച്ചതായി കണക്കാക്കി മൂന്നുപോയിന്റ് നല്‍കുകയും ചെയ്തു. ഇതിനെതിരേ നാംധാരി അപ്പീല്‍ കമ്മിറ്റിയെ സമീപിച്ചു. അപ്പീല്‍ കമ്മിറ്റി അച്ചടക്കസമിതിയുടെ ഉത്തരവ് സ്റ്റേചെയ്തു. ഇരുകൂട്ടരുടെയും വാദം കേട്ടശേഷം നാംധാരി എഫ്സിയ്ക്ക് അനുകൂലമായി വിധി വന്നതോടെ കാശിയ്ക്ക് 3 പോയിന്റുകൾ നൽകേണ്ടതില്ല എന്ന തീരുമാനം വന്നതോടെ ചർച്ചിൽ കിരീടം ഉറപ്പിക്കുകയായിരുന്നു.
