ദിഗ്‌വേഷ് രതി. ഇത്തവണ ലക്നൗ സൂപ്പർ ജയന്റ്സിന് വേണ്ടി അരങ്ങേറ്റം നടത്തിയ 25 കാരനായ ലെഗ് ബ്രേക്ക് സ്പിന്നർ. എന്നാൽ തന്റെ പ്രകടനത്തെക്കാൾ രതി ശ്രദ്ധിക്കപ്പെട്ടത് തന്റെ സെലെബ്രെഷനിലും അത് മൂലം ലഭിച്ച ഫൈനുകളിലൂടെയുമാണ്. 30 ലക്ഷത്തിന് ടീമിലെത്തിയ രതി ഈ സീസണിൽ ഇത് വരെ ഫൈൻ ഇനത്തിൽ കൊടുക്കേണ്ടി വന്നത് 9.37 ലക്ഷമാണ്. എന്നാൽ തുടരെ ഫൈൻ ലഭിച്ചിട്ടും എന്ത് കൊണ്ടാണ് രതി തന്റെ രീതികൾ തുടരുന്നത്? സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകൾ പരിശോധിക്കാം…
ഇന്ത്യൻ ക്രിക്കറ്റിൽ പ്രകടനത്തെ പോലെ പിആർ വർക്കും പ്രധാനമാണ്. തന്റെ പ്രൈം കാലയളവിൽ താൻ പിആർ വർക്ക് ചെയ്യാത്തതിൽ ഇന്ത്യൻ താരം അജിൻക്യ രഹാനെ നിരാശ പ്രകടിപ്പിച്ചത് ഈയടുത്താണ്. തന്നോട് വാർത്തകളിൽ നിറഞ്ഞ് നിൽക്കാനും എങ്കിൽ മാത്രമേ ഇന്ത്യൻ ക്രിക്കറ്റിൽ തുടരാൻ സാധിക്കുകയുള്ളുമെന്നും തന്നോട് ചിലയാളുകൾ പറഞ്ഞതായി രഹാനെ ഈയിടെ ഒരു അഭിമുഖത്തിൽ വ്യകത്മാക്കിയിരുന്നു.
ഇന്ത്യൻ ക്രിക്കറ്റിലെ പ്രമുഖർ അടക്കം പിആർ വർക്ക് ചെയ്യുന്നതായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്ങും വ്യക്തമാക്കിയിരുന്നു. പറഞ്ഞ് വരുന്നത് വാർത്തകളിൽ ഇടം പിടിക്കുക എന്നത് ഇന്ത്യൻ ക്രിക്കറ്റിൽ പ്രകടനത്തെ പോൽ പ്രധാനമാണെന്നാണ്. അത് തന്നെയാണ് രതി ഈ സീസണിൽ നടത്തിയതും.
തന്റെ സെലെബ്രെഷനുകളിലൂടെയും അത് മൂലം ലഭിക്കുന്ന ഫൈനുകളിലും ഇതിനോടകം രതി ഇന്ത്യൻ ക്രിക്കറ്റിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. ഒരു പക്ഷെ, ഇതൊന്നും ഇല്ലായിരുന്നെങ്കിൽ താരത്തിന് ഇത്രമാത്രം ശ്രദ്ധ ലഭിക്കുമായിരുന്നു. പിആർ ഏജൻസികൾക്ക് പണം നൽകി പ്രൊമോഷൻ ചെയ്യുന്നതിന് പകരം ബിസിസിഐയെ കൊണ്ട് തന്റെ പ്രൊമോഷൻ തന്ത്രപരമായി രതി ചെയ്യിപ്പിച്ചിരിക്കുകയാണ്.
അതേ സമയം, താരത്തിന്റെ നോട്ട് ബുക്ക് സെലെബ്രെഷന് പിഴ ഈടാക്കുന്ന സംഭവത്തിൽ ആരാധകർക്ക് ഭിന്നാഭിപ്രായമുണ്ട്. കോഹ്ലി ചെയ്താൽ അത് അഗ്രേഷനും രതി ചെയ്യുമ്പോൾ അത് അച്ചടക്ക ലംഘനവും ആവുന്നത് എങ്ങനയാണെന്നാണ് പലരും ചോദിക്കുന്നത്.