ചിരവൈരികളായ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ആദ്യ മത്സരത്തിൽ അഞ്ച് വിക്കറ്റിന് പരാജയപ്പെട്ട മുംബൈ ഇന്ത്യൻസ് സീസണിലെ ആദ്യ വിജയം തേടി ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെതിരെ ഇറങ്ങുകയാണ്. ഗുജറാത്തിന്റെ ഹോമിലാണ് മത്സരം. ആദ്യ മത്സരത്തിൽ കളിക്കാതിരുന്ന നായകൻ ഹർദിക് പാണ്ട്യ ഇന്ന് തിരിച്ചെത്തും. അതേ സമയം, പരിക്കേറ്റ ബുംറ ഇന്ന് മടങ്ങിയെത്തുമോ എന്ന കാര്യത്തിൽ പലർക്കും സംശയമുണ്ട്. ഇക്കാര്യത്തിലിതാ ഒരു അപ്‌ഡേറ്റുമായി രംഗത്ത് വന്നിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് സഹപരിശീലകൻ പരാസ് മാംബ്രെ.
ബുമ്ര പരിക്കിൽ നിന്ന് മോചിതനായി വരികയാണെന്നും എൻസിഎയിൽ അദ്ദേഹം ഫിറ്റ്നസ് മികച്ച രീതിയിൽ വീണ്ടെടുക്കുകയാണ്. അദ്ദേഹം എപ്പോൾ തിരികെവരും എന്ന് ഇപ്പോൾ പറയാനാകില്ല. അക്കാര്യത്തിൽ ടീം മാനേജ്മെന്റും എൻസിഎയുമാണ് തീരുമാനമെടുക്കേണ്ടത്. മുംബൈയുടെ വിജയങ്ങളിൽ ബുമ്ര അവിഭാജ്യ ഘടകമാണ്. അദ്ദേഹത്തെ തിരികെ ടീമിലെത്തിക്കണം. എന്നാൽ, അത് പരിക്കിൽ നിന്ന് പൂര്‍ണമായും മുക്തനായ ശേഷം മാത്രം മതിയെന്നാണ് ടീമിന്റെ തിരുമാനമെന്നും അദ്ദേഹം പറഞ്ഞു.
താരത്തിന് ഇത് വരെ എൻസിഎയിൽ നിന്നും ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. അതിനാൽ താരം ഇന്നത്തെ മത്സരത്തിൽ കളിക്കില്ല. എന്നാൽ മുംബൈയുടെ നാലോ അഞ്ചോ മത്സരത്തിന് ശേഷം അദ്ദേഹം തിരികെയെത്തിയേക്കാം..
ബോര്‍ഡര്‍ – ഗവാസ്കര്‍ ട്രോഫിയ്ക്കിടെയാണ് താരത്തിന് പരിക്കേറ്റത്. ഇതേ തുടര്‍ന്ന് ഈ വര്‍ഷം ജനുവരി മുതൽ ബുമ്ര കളിക്കളത്തിന് പുറത്താണ്. പരിക്ക് കാരണം ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്റിലും ബുമ്രയ്ക്ക് കളിക്കാൻ കഴിഞ്ഞിരുന്നില്ല. ബിസിസിഐയുടെ മെഡിക്കൽ ടീം 5 ആഴ്ച വിശ്രമമാണ് ബുമ്രയ്ക്ക് നിര്‍ദ്ദേശിച്ചിരുന്നത്.
ബുമ്രയുടെ അഭാവത്തിൽ ആദ്യ മത്സരത്തിൽ കളിച്ച സത്യനാരായണ രാജു തന്നെയായിരിക്കും ഗുജറാത്തിനെതിരെ ഇറങ്ങുക.