East bengalFootballIndian Super LeagueMohun Bagan Super GiantSportsTransfer News

3 വർഷത്തെ കാത്തിരിപ്പ്; ബ്രസീലിയൻ ഗോളടി വീരൻ ഐഎസ്എല്ലിലേക്ക്…?

ലഭ്യമാവുന്ന ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ബ്രസീലിയൻ താരത്തിനായി രണ്ട് ഐഎസ്എൽ ക്ലബ്ബുകൾ കടുത്ത നീക്കങ്ങൾ നടത്തുകയാണെന്നാണ്.

ഐഎസ്എല്ലിൽ സമ്മർ ട്രാൻസ്ഫർ വിൻഡോ ആരംഭിക്കാൻ ഇനിയും ആഴ്ചകൾ ബാക്കി നിൽക്കെ ടീമുകൾ ശക്തമായ നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ലഭ്യമാവുന്ന ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ബ്രസീലിയൻ താരത്തിനായി രണ്ട് ഐഎസ്എൽ ക്ലബ്ബുകൾ കടുത്ത നീക്കങ്ങൾ നടത്തുകയാണെന്നാണ്.

കൊൽക്കത്തൻ എക്സ് ഹാൻഡിലുകളുടെ റിപ്പോർട്ട് പ്രകാരം ബ്രസീലിയൻ താരം റോബ്സൺ റോബിഞ്ഞോയ്ക്കായി ഈസ്റ്റ് ബംഗാൾ ഒരു വമ്പൻ ഓഫർ നൽകിയെന്നാണ്. നേരത്തെ താരത്തെ മോഹൻ ബഗാൻ സ്വന്തമാക്കി എന്ന റിപോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ താരം ബഗാനുമായി കരാർ ഒപ്പിട്ടിട്ടില്ലെന്നും അതിന് മുന്നോടിയായി കഴിഞ്ഞ ദിവസം ഈസ്റ്റ് ബംഗാൾ ഒരു പുതിയ ഓഫർ താരത്തിനായി മുന്നോട്ട് വെച്ചതായാണ് റിപ്പോർട്ട്.

ഐഎസ്എല്ലിലോ ഐ- ലീഗിലോ കളിച്ചിട്ടില്ലെങ്കിലും റോബ്സൺ റോബിഞ്ഞോ എന്ന പേര് ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. 2022 ൽ ബംഗ്ലാദേശ് ക്ലബ് ബസുന്ദര കിങ്‌സും എടികെ മോഹൻ ബഗാനും തമ്മിൽ നടന്ന എഎഫ്സി കപ്പിൽ അന്ന് ബസുന്ദരയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയ താരമാണ് റോബിഞ്ഞോ.. അന്ന് ബസുന്ദര ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് എടികെ മോഹൻ ബഗാനെ പരാജയപ്പെടുത്തിയിരുന്നു. അന്നത്തെ മത്സരത്തിൽ റോബിഞ്ഞോ ഗോൾ നേടുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് റോബ്സൺ റോബിഞ്ഞോ എന്ന പേര് ഇന്ത്യൻ ഫുട്ബോൾ ആരാധകരിൽ സജീവമാകുന്നത്. പ്രത്യേകിച്ച് കൊല്കത്തൻ ഫുട്ബോളിൽ. അന്ന് മുതൽ നീണ്ട 3 വർഷക്കാലം കൊൽക്കത്തൻ ക്ലബ്ബുമായി ബന്ധപ്പെട്ട് റോബീഞ്ഞോയുടെ റൂമറുകൾ സജീവമാണെകിലും ഒരു ക്ലബ്ബിനും അദ്ദേഹത്തെ ഇന്ത്യയിലെത്തിക്കാനായില്ല.

എന്നാൽ ഓസ്കർ ബ്രൂസോൺ ഈസ്റ്റ് ബംഗാളിന്റെ പരിശീലകനായതോടെ റൂമറുകൾ വീണ്ടും ശക്തമായി. നേരത്തെ ഓസ്കർ ബ്രൂസോണിന്റെ കീഴിൽ ബസുന്ദരയ്ക്കായി കളിച്ച താരമാണ് റോബിഞ്ഞോ. ഈ ബന്ധമാണ് റൂമറുകൾ വീണ്ടും ശക്തമാക്കിയത്.ഇരു ക്ലബ്ബുകളുമായി ബന്ധപ്പെട്ട് ഇപ്പോഴും താരത്തിന്റെ റൂമറുകൾ സജീവമാണ്. 3 വർഷത്തെകാത്തിരിപ്പിനൊടുവിൽ താരത്തെ ആര് സ്വന്തമാക്കുമെന്ന് ഇത്തവണ കണ്ടറിയാം..