കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണിലേക്കായി ആദ്യ വിദേശ സൈനിങ് നടത്തിയിരിക്കുകയാണ്. സ്പാനിഷ് മുന്നേറ്റതാരം കോൾഡോ ഒബിയെറ്റയുടെ വരവാണ് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പുതിയ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിരയിലേക്കെത്തുന്ന ഒബിയെറ്റ മികവുകൾ, പോരായ്മകൾ എന്നിവ നമുക്കൊന്ന് പരിശോധിക്കാം..
31 വയസ്സുകാരനായ ഒബിയെറ്റയുടെ കരിയർ പ്രധാനമായും സ്പെയിനിലെ താഴ്ന്ന ഡിവിഷൻ ലീഗുകളിലാണ് കേന്ദ്രീകരിച്ചുള്ളതാണ് . അദ്ദേഹം കൂടുതലും കളിച്ചിട്ടുള്ളത് സ്പെയിനിലെ മൂന്നാം നിര ലീഗായ പ്രിമേര ഫെഡറേഷനിലും അതിന് താഴെയുള്ള ഡിവിഷനുകളിലുമാണ്. സെക്കൻഡ് ഡിവിഷൻ ലീഗായ സെഗുണ്ട ഡിവിഷനിലും അദ്ദേഹം കളിച്ചിട്ടുണ്ട്.
അവസരങ്ങൾ മുതലെടുക്കാനുള്ള കഴിവുള്ള താരമാണ് അദ്ദേഹം. ബോക്‌സിനുള്ളിൽ ലഭിക്കുന്ന അവസരങ്ങൾ ഗോളാക്കി മാറ്റുന്നതിൽ താരത്തിന് കഴിവുണ്ട്. കൂടാതെ ഹെഡിങ് ഗോളുകൾക്കും താരം മിടുക്കനാണ്. 1.83 മീറ്റർ (6 അടി) ഉയരമുള്ള ഒബിയെറ്റയുടെ ഹെഡിംഗ് പവർ ശ്രദ്ധേയമാണ്. ഇത് കോർണർ കിക്കുകളിലും ക്രോസ്സുകളിലും ബ്ലാസ്റ്റേഴ്‌സിന് ഗുണകരമാവും.
ഗോളിനായി കൃത്യമായ സ്ഥാനത്ത് നിലയുറപ്പിക്കാനുള്ള അദ്ദേഹത്തിന്റെ പൊസിഷനിംഗ് കഴിവും ടീമിന് നിർണ്ണായകമാകും. കൂടാതെ ഫിസിക്കൽ ഗെയിമിൽ മികവുള്ള താരം കൂടിയാണ് ഒബിയെറ്റ. അദ്ദേഹത്തിൻറെ ഈ കഴിവ് ഐ.എസ്.എല്ലിലെ കായികപരമായ വെല്ലുവിളികൾ നിറഞ്ഞ പ്രതിരോധ നിരകളെ മറികടക്കാൻ ബ്ലാസ്റ്റേഴ്‌സിനെ സഹായിച്ചേക്കും.
മികവുകൾക്കൊപ്പം ചില പോരായ്മകളും ഒബിയെറ്റയുടെ പ്രകടനത്തിൽ നിഴലിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ പോരായ്മ വേഗതയുടെ കാര്യത്തിലാണ്. ഇത് പ്രതിരോധനിര ഭേദിച്ച് ഓടുന്നതിലും കൗണ്ടർ അറ്റാക്കുകളിലും വെല്ലുവിളി സൃഷ്ടിച്ചേക്കാം. മികച്ച അവസരങ്ങൾ സൃഷ്ടിക്കുന്നതിനോ ദീർഘദൂര പാസുകൾ നൽകുന്നതിനോ ഉള്ള ‘വിഷൻ’ ഒബിയെറ്റയ്ക്ക് കുറവാണ്. അതിനാൽ, ഒരു ‘ടാർഗറ്റ് മാൻ’ ആയി ബോക്‌സിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന താരമാവാനാണ് സാധ്യത.
യൂറോപ്പിലെ മുൻനിര ലീഗുകളേക്കാൾ നിലവാരം കുറഞ്ഞതാണ് ഐ.എസ്.എൽ എങ്കിലും, സ്പെയിനിലെ കടുപ്പമേറിയ ലീഗുകളിൽ കളിച്ച പരിചയം ഒബിയെറ്റയ്ക്ക് ഗുണം ചെയ്യും. കോൾഡോ ഒബിയെറ്റ ഒരു ‘ഗോളടി യന്ത്രം’ എന്നതിലുപരി, ടീമിന് വേണ്ടി പന്ത് കൈവശം വെച്ച് പ്രതിരോധ താരങ്ങളെ ശ്രദ്ധയിൽ നിർത്തുന്ന, സഹതാരങ്ങൾക്ക് അവസരം ഒരുക്കുന്ന ഒരു ‘ഫോക്കൽ പോയിന്റ്’ സ്ട്രൈക്കർ ആയിട്ടാവും അദ്ദേഹം കളിക്കുക.
content: The strengths and weaknesses of Kerala Blasters’ new signing Koldo Obieta
