FootballIndian Super LeagueKBFCSports

ബ്ലാസ്റ്റേഴ്സിൽ ‘ആഷ്‌ലി യുഗം’ തുടരും: പക്ഷെ ഒരൊറ്റ ഡിമാൻഡ്

അദ്ദേഹം ക്ലബ്ബിൽ തുടരണമെന്ന് ആരാധകരും ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഈ തുടർച്ചയ്ക്ക് പിന്നിൽ നിർണ്ണായകമായ ഒരു കണ്ടീഷൻ കൂടിയുണ്ട്.

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഓരോ സീസണും ആരാധകർക്ക് പ്രതീക്ഷകളുടെയും കാത്തിരിപ്പുകളുടെയും കാലമാണ്. വരാനിരിക്കുന്ന പുതിയ പോരാട്ടങ്ങൾക്കായി ടീം എങ്ങനെ സജ്ജമാകുമെന്നും, ആരാകും മഞ്ഞപ്പടയെ തന്ത്രങ്ങൾ പകർന്ന് കളത്തിലിറക്കുക എന്നതുമൊക്കെയാണ് ഇപ്പോൾ ഫുട്ബോൾ ചർച്ചകളിലെ പ്രധാന വിഷയം.

കഴിഞ്ഞ സീസണിന്റെ പകുതിയിൽ വെച്ച് ക്ലബ്ബിന്റെ അമരത്തേക്ക് എത്തിയ ഇംഗ്ലീഷ് തന്ത്രജ്ഞൻ ആഷ്‌ലി വെസ്റ്റ്‌വുഡിനെ ചുറ്റിപ്പറ്റിയാണ് ഒടുവിലായി പുറത്തുവരുന്ന റിപോർട്ടുകൾ.

Ashley Westwood Kerala Blasters head coach
Ashley Westwood Kerala Blasters head coach

ആരാധകരുടെ ഹൃദയം കവർന്ന ആഷ്‌ലി വെസ്റ്റ്‌വുഡ് ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനത്ത് തുടരുമെന്നാണ് പുതിയ സൂചനകൾ നൽകുന്നത്.

കഴിഞ്ഞ സീസണിൽ ടീമിന്റെ തകർച്ചയിൽ നിന്നും മികച്ച തിരിച്ചുവരവ് നടത്താൻ ആഷ്‌ലിയുടെ തന്ത്രങ്ങൾക്ക് സാധിച്ചിരുന്നു. അതിനാൽ തന്നെ അദ്ദേഹം ക്ലബ്ബിൽ തുടരണമെന്ന് ആരാധകരും ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഈ തുടർച്ചയ്ക്ക് പിന്നിൽ നിർണ്ണായകമായ ഒരു കണ്ടീഷൻ കൂടിയുണ്ട്.

നിലവിൽ ബ്ലാസ്റ്റേഴ്‌സിൽ പുരോഗമിക്കുന്ന പുതിയ നിക്ഷേപ ചർച്ചകൾ പൂർത്തിയായാൽ മാത്രമേ ആഷ്‌ലിയുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ. പ്രമുഖ കായിക മാധ്യമ പ്രവർത്തകനായ ആശിഷ് നെഗിയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

വരാനിരിക്കുന്ന സീസണിലേക്ക് ബ്ലാസ്റ്റേഴ്‌സിൽ തുടരണമെങ്കിൽ താൻ ആവശ്യപ്പെടുന്ന കളിക്കാരെ ടീമിലെത്തിക്കണമെന്നും ട്രാൻസ്ഫർ നീക്കങ്ങളിൽ പൂർണ്ണ സ്വാതന്ത്ര്യം നൽകണമെന്നും ആഷ്‌ലി മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ ആവശ്യങ്ങൾ നടപ്പിലാകണമെങ്കിൽ ക്ലബ്ബിലേക്ക് പുതിയ നിക്ഷേപകർ എത്തേണ്ടതുണ്ട്. നിലവിലെ ഉടമകളായ മാഗ്നം സ്‌പോർട്‌സ് ക്ലബ്ബിന്റെ ഓഹരികൾ പൂർണ്ണമായും വിറ്റഴയ്ക്കാനുള്ള ചർച്ചകൾ സജീവമായി നടക്കുന്നുണ്ട്.

മുൻപ് കേട്ടിരുന്നത് പോലെ ലുലു ഗ്രൂപ്പ് ഈ നിക്ഷേപ ചർച്ചകളുടെ ഭാഗമല്ലെന്ന് ആശിഷ് നെഗി വ്യക്തമാക്കുന്നു.

നിലവിലെ സൂചനകൾ അനുസരിച്ച് ഐബിഎസ് സോഫ്റ്റ്‌വെയർ കമ്പനി ബ്ലാസ്റ്റേഴ്‌സിനെ ഏറ്റെടുക്കാനാണ് കൂടുതൽ സാധ്യത.

ഈ ചർച്ചകൾ വിജയകരമായി പൂർത്തിയായാൽ ആഷ്‌ലി വെസ്റ്റ്‌വുഡ് തന്നെ അടുത്ത സീസണിലും ബ്ലാസ്റ്റേഴ്‌സിന്റെ ആശാനായി തുടരുമെന്ന് ഉറപ്പിക്കാം.

ALSO READ:

English Summary: Reports suggest Ashley Westwood Kerala Blasters head coach stint may continue for the upcoming season. However, his continuation depends on the completion of ongoing investment negotiations, as current owners Magnum Sports plan to sell their stakes, with IBS Software emerging as a top potential investor.