കേരള ബ്ലാസ്റ്റേഴ്സിന്റെ (Kerala Blasters) ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കിടയിലും ആരാധകർക്ക് പ്രതീക്ഷ നൽകുന്ന ഒരു ട്രാൻസ്ഫർ വാർത്ത പുറത്തുവരികയാണ്.
ക്ലബ്ബിന്റെ നിലവിലെ ഉടമകളായ മാഗ്നം സ്പോർട്സ് തങ്ങളുടെ മുഴുവൻ ഓഹരികളും പുതിയൊരു കൺസോർഷ്യത്തിന് കൈമാറാൻ തയാറായെങ്കിലും, കോടതിയിലുള്ള ചില കേസ് നടപടികൾ മൂലമാണ് ഔദ്യോഗിക പ്രഖ്യാപനം വൈകുന്നത്.
എങ്കിലും വരും സീസണിൽ ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിൽ കളിക്കുമെന്ന കാര്യം ഉറപ്പാണ്. ടൂർണമെന്റിൽ പങ്കെടുക്കാനായി ക്ലബ്ബുകൾ നൽകേണ്ട ലീഗ് ഫീ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പൂർണ്ണമായും അടച്ചുതീർത്തു കഴിഞ്ഞു.
കൂടാതെ ഓഹരി കൈമാറ്റം പൂർത്തിയാകുന്ന മുറയ്ക്ക് ക്ലബ്ബ് ഔദ്യോഗികമായി ടീമിലെത്തിക്കാൻ ചില താരങ്ങളുമായി ചർച്ചകൾ നടത്തുന്നതായി പ്രമുഖ കായിക മാധ്യമപ്രവർത്തകൻ ആശിഷ് നെഗി റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ബ്ലാസ്റ്റേഴ്സ് നോട്ടമിട്ട ഒരു താരത്തെക്കുറിച്ചുള്ള സൂചനകളാണ് പുറത്തുവരുന്നത്.

ചെന്നൈയിൻ എഫ്സിയുടെ യുവ ഇന്ത്യൻ മിഡ്ഫീൽഡർ ജിതേന്ദ്ര സിംഗുമായി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് കരാർ ചർച്ചകൾ നടത്തിയതായാണ് സൂചനകൾ. ഇന്ത്യൻ ആരോസിലൂടെ വളർന്ന് ജംഷഡ്പൂർ എഫ്സിയ്ക്കായി മിന്നുന്ന പ്രകടനം പുറത്തെടുത്ത 25 കാരനായ ജിതേന്ദ്ര സിംഗ്, 2024-ലാണ് ചെന്നൈയിൻ എഫ്സിയിൽ എത്തുന്നത്. കഴിഞ്ഞ സീസണോടെ ചെന്നൈയിനുമായുള്ള കരാർ അവസാനിച്ച താരത്തെ ഫ്രീ ഏജന്റായാണ് ബ്ലാസ്റ്റേഴ്സ് ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്. ഓഹരി കൈമാറ്റം പൂർത്തിയാകുന്നതോടെ ക്ലബ്ബ് ഈ യുവ താരത്തിന്റെ സൈനിംഗ് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
കളിക്കളത്തിൽ ഒന്നിനേറെ പൊസിഷനുകളിൽ ഒരുപോലെ തിളങ്ങാൻ കഴിവുള്ള താരമാണ് ജിതേന്ദ്ര സിംഗ്. സെന്റർ ബാക്ക്, ഡിഫൻസീവ് മിഡ്ഫീൽഡ്, സെൻട്രൽ മിഡ്ഫീൽഡ്, റൈറ്റ് ബാക്ക്, റൈറ്റ് മിഡ്ഫീൽഡ് എന്നീ പൊസിഷനുകളിലെല്ലാം മികച്ച കളി പുറത്തെടുക്കാൻ ഈ യുവതാരത്തിന് കഴിയും. 2017-ൽ ഇന്ത്യയിൽ നടന്ന അണ്ടർ-17 ലോകകപ്പിൽ ഇന്ത്യൻ ജേഴ്സി അണിഞ്ഞ ജിതേന്ദ്രയ്ക്ക് ഐഎസ്എല്ലിൽ 73 മത്സരങ്ങൾ കളിച്ച അനുഭവസമ്പത്തുമുണ്ട്.
ALSO READ:
- കൈമാറ്റം വൈകും, പകരം ബ്ലാസ്റ്റേഴ്സിൽ ‘ഇടക്കാല മാനേജ്മെന്റ്’ സംവിധാനം
- ബ്ലാസ്റ്റേഴ്സിന് എട്ടിന്റെ പണി കൊടുത്ത് ‘ചർച്ചിൽ ബ്രദേഴ്സ്’: കൈമാറ്റ ചർച്ചകൾ വീണ്ടും നീളുന്നു
- ആശങ്കകൾക്കിടയിലും 2 ശുഭവാർത്തയുമായി ബ്ലാസ്റ്റേഴ്സ്: ആരാധകർക്ക് ആശ്വസിക്കാം
English Summary: Kerala Blasters are reportedly in talks to sign midfielder Jitendra Singh following his contract end at Chennaiyin FC. Despite ongoing legal delays regarding ownership transfer, the ISL side has paid its league fees and is actively planning squad additions once the takeover deal is officially finalized.
