സീസണിൽ നാല് മത്സരങ്ങളിൽ ഒരൊറ്റ വിജയം മാത്രമാണ് മുംബൈയുടെ സമ്പാദ്യം. ഇന്നലെ എൽഎസ്ജിക്കെതിരെയും പരാജയപ്പെട്ടതോടെ മുംബൈയുടെ നില വീണ്ടും പരുങ്ങലിലായിരിക്കുകയാണ്. മുംബൈ മോശം ഫോമിലൂടെ കടന്ന് പോകുമ്പോൾ ചർച്ചയാവുന്നത് സൂപ്പർ താരത്തിന്റെ അഭാവമാണ്.
മുംബൈയുടെ വജ്രായുധമായ പേസർ ജസ്പ്രീത് ബുംറ തിരിച്ചെത്തിയാൽ മുംബൈയുടെ നിലവിലെ അവസ്ഥയ്ക്ക് പരിഹാരമാകുമെന്നാണ് ആരാധകർ കരുതുന്നത്. ബാറ്റിങ്ങിൽ മുംബൈയ്ക്ക് ചില പ്രശ്നങ്ങളുണ്ടെങ്കിലും ഏറ്റവും വലിയ പ്രശ്നമുള്ളത് ബൗളിംഗ് യൂണിറ്റിലാണ്.
ട്രെന്റ് ബോൾട്ട്, ദീപക് ചഹർ എന്നിവരെ ലേലത്തിൽ ടീമിലെത്തിച്ചെങ്കിലും ഇരുവർക്കും ഇത് വരെ ഇമ്പാക്ട് ഉണ്ടാക്കാൻ സാധിച്ചില്ല. പവർ പ്ലേയിൽ വിക്കറ്റുകൾ വീഴ്ത്താൻ സാധിക്കാത്തത് മുംബൈയ്ക്ക് തിരിച്ചടിയാണ്. പവർ പ്ലേയിൽ പന്തെറിയുന്ന ചഹറും ബോൾട്ടും ഇക്കാര്യത്തിൽ നിലവിൽ മോശമാണ്. എന്നാൽ ബുംറ എത്തിയാൽ ടീമിന്റെ ബൗളിംഗ് യൂണിറ്റ് മൊത്തത്തിൽ മാറുമെന്നും അത് മുംബൈയ്ക്ക് ഗുണകരമാവുമെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
അതേ സമയം ബുംറ മടങ്ങി വരവിന്റെ അടുത്തെത്തിയെന്നാണ് റിപോർട്ടുകൾ. താരം ഫിറ്റ്നസ് ടെസ്റ്റിന്‍റെ അവസാന റൗണ്ടിലേയ്ക്ക് അടുക്കുകയാണെന്നാണ് പുതിയ റിപോർട്ടുകൾ.നിലവിൽ ബെംഗളൂരുവിലെ ബിസിസിഐയുടെ സെന്റര്‍ ഓഫ് എക്സലൻസിൽ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് ബുംറ. മുംബൈ ഇന്ത്യൻസിന്‍റെ അടുത്ത രണ്ട് മത്സരങ്ങളിൽ താരമുണ്ടാകില്ലെന്ന് ഉറപ്പാണ്. എങ്കിലും അദ്ദേഹം ഫിറ്റ്നസ് ടെസ്റ്റിന്‍റെ അവസാന റൗണ്ടിലേയ്ക്ക് അടുക്കുകയാണെന്നും ഉടൻ തിരിച്ചെത്തുമെന്നും ഇഎസ്പിഎൻ ക്രിക്ഇൻഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഐപിഎല്ലിന് പിന്നാലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനവും നടക്കാനാരിക്കെ ജസ്പ്രീത് ബുമ്രയുടെ ഫിറ്റ്നസിന് ബിസിസിഐ വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഇംഗ്ലണ്ട് സീരിസിൽ ഇന്ത്യയ്ക്ക് അവിഭാജ്യ ഘടകമാണ് ബുംറ. അതിനാൽ താരത്തിന്റെ കാര്യത്തിൽ ബിസിസിഐ ചെറിയ റിസ്ക് പോലും എടുക്കില്ല.