പുതിയ സീസൺ ഒക്ടോബറിൽ ആരംഭിക്കാനിരിക്കെ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷവാർത്തയൊന്നും ലഭിച്ചിട്ടില്ല. നിലവിലെ ഉടമകളായ മാഗ്നം സ്പോർട്സ് ഓഹരികൾ കൈമാറുന്നുവെന്നും പകരം പുതിയ നിക്ഷേപകർ എത്തുന്നുമെന്നുള്ള വാർത്തകൾക്ക് ഇത് വരെ പൂർണത വന്നിട്ടില്ല.
വരാനിരിക്കുന്ന സീസണിലേക്ക് ആരോയെക്കോ സ്വന്തമാക്കി, നിലവിലെ സ്‌ക്വാഡിലെ ആരെല്ലാമാണ് തുടരുക എന്ന കാര്യത്തിലും വ്യക്തതയില്ല.
ബ്ലാസ്റ്റേഴ്‌സ് ആരാധകർ അവ്യക്തതകളിലൂടെ കടന്ന് പോകവേ ഒരു ശുഭവാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മെർഗുല്ലോ..
ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ആഷ്‌ലി വെസ്റ്റ് വുഡ് ടീമിനോടപ്പം തുടർന്നേക്കുമെന്നാണ് അദ്ദേഹം നൽകുന്ന അപ്‌ഡേറ്റ്. ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് ഏറെ സന്തോഷമുണ്ടാക്കുന്ന വാർത്തയാണിത്.
ALSO READ:
- സുഹൈൽ ഭട്ട് ബ്ലാസ്റ്റേഴ്സിലേക്കോ? മറുപടിയുമായി മാർക്കസ്
- ബ്ലാസ്റ്റേഴ്സിന്റെ കൈമാറ്റം: വീണ്ടും ആശ്വാസവാർത്തയുമായി മാർക്കസ്
- ഇനി ബ്ലാസ്റ്റേഴ്സിന്റെ ‘Here We Go’: സുപ്രധാന റിപ്പോർട്ടുമായി ആശിഷ് നെഗി
ബ്ലാസ്റ്റേഴ്സിലെ ആഷ്‌ലി യുഗം

ഡേവിഡ് കറ്റാലയുടെ കീഴിൽ ബ്ലാസ്റ്റേഴ്‌സ് ഒരു വിജയം കണ്ടെത്താനാവാതെ വന്നതോടെയാണ് പകരക്കാരനായി ആഷ്‌ലി ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്.
2026 മാർച്ച് 27 ന് ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത അദ്ദേഹം കേവലം 7 മത്സരങ്ങൾ കൊണ്ട് ടീമിനെ ഡെയ്ഞ്ചർ സോണിൽ നിന്നും കരകയറ്റി.
സ്പോർട്ടിങ് ഡൽഹിക്കെതിരെ തോൽവിയോടെയാണ് ആഷ്‌ലിയുടെ ബ്ലാസ്റ്റേഴ്‌സ് കരിയർ ആരംഭിച്ചതെങ്കിലും തൊട്ടടുത്ത മത്സരത്തിൽ ബദ്ധവൈരികളായ ബംഗളുരു എഫ്സിയെ അവരുടെ തട്ടകത്തിൽ പോയി 2-1 എന്ന സ്കോർലൈനിൽ വീഴ്ത്തി ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ വിജയം നേടിക്കൊടുത്തു.
പിന്നീട് നോർത്ത് ഈസ്റ്റിനെതിരെ സമനില കൊണ്ട് തൃപ്തിപെടേണ്ടി വന്നെങ്കിലും സീസണിലെ അവസാന നാല് മല്സരങ്ങളിലും ആഷ്‌ലിയുടെ കീഴിൽ ബ്ലാസ്റ്റേഴ്‌സ് വിജയം രുചിച്ചു.
ജംഷഡ്പൂർ എഫ്സി, ഒഡീഷ, മൊഹമ്മദൻസ്, എഫ്സി ഗോവ എന്നിവരെയാണ് ബ്ലാസ്റ്റേഴ്‌സ് അവസാന 4 മത്സരങ്ങളിലായി പരാജയപ്പെടുത്തിയത്.
ഇതോടെ ആഷ്‌ലി ആരാധകർക്ക് പ്രിയങ്കരനായി മാറുകയും ചെയ്‌തു. അതിനാൽ ആഷ്‌ലി ബ്ലാസ്റ്റേഴ്സിൽ തുടരും എന്ന വാർത്ത ആരാധകർക്ക് നൽകുന്നത് ഒരു പ്രതീക്ഷ കൂടിയാണ്.
ആഷ്‌ലി ബ്ലാസ്റ്റേഴ്സിൽ തുടരും എന്ന റിപോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ബ്ലാസ്റ്റേഴ്സിൽ തുടരണമെങ്കിൽ താൻ ആവശ്യപ്പെടുന്ന താരങ്ങളെ എത്തിക്കാനും ആഷ്‌ലി നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. അങ്ങെനെയെങ്കിൽ ആഷ്‌ലിയുടെ പൂർണ അധികാരത്തോടെയും സ്വാതന്ത്രത്തോടെയുമായിരിക്കും ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിൽ ഒരുങ്ങുക.
ഇന്ത്യയിൽ പരിചയസമ്പന്നൻ
ഇന്ത്യയിൽ നീണ്ട കാലത്തെ പരിശീലക പരിചയം കൂടിയുള്ള വ്യക്തിയാണ് ആഷ്‌ലി. 2013 ൽ ബംഗളുരു എഫ്സി രൂപീകരിച്ചപ്പോൾ അവരുടെ ആദ്യ പരിശീലകനായിരുന്നു ആഷ്‌ലി. ക്ലബ്ബിന്റെയും ആഷ്‌ലിയുടെയും ആദ്യ സീസണിൽ തന്നെ ഐ- ലീഗ് കിരീടം ബംഗളുരു എഫ്സി ഉയർത്തി. പിന്നീട് 2015-16 സീസണിലും ആഷ്‌ലി ബെംഗളൂരുവിനെ ഐ-ലീഗ് ചാമ്പ്യന്മാരാക്കി. 2014- 15 സീസണിൽ ഫെഡറേഷൻ കപ്പ് ജേതാക്കളുമാക്കി.എടികെ, റൌണ്ട് ഗ്ലാസ് പഞ്ചാബ് എന്നീ ഇന്ത്യൻ ക്ലബ്ബുകളെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.
English Summary: Ashley Westwood Kerala Blasters stay looks likely as journalist Marcus Mergulhao reports he may continue as head coach. After taking over in March 2026 and leading KBFC through four consecutive wins, Westwood retaining full control brings hope to fans ahead of the upcoming ISL season.
