സീസണിൽ തകർന്നടിഞ്ഞ ചെന്നൈ ബാറ്റിംഗ് നിരയ്ക്ക് പകുതി വഴിയിൽ വെച്ച് രക്ഷകനായി അവതരിച്ച താരമാണ് സൗത്ത് ആഫ്രിക്കൻ യുവതാരം ഡിവാൾഡ് ബ്രെവിസ്. അടുത്ത സീസണിൽ ചെന്നൈ താരത്തെ നിലനിർത്താൻ ശ്രമിക്കുമെന്നത് ഉറപ്പാണ്. എന്നാൽ താരത്തെ ചെന്നൈയ്ക്ക് നിലനിർത്താൻ സാധിക്കുമോ? പകരക്കാരനായി വന്നത് കൊണ്ട് നിലനിർത്തുന്നതിൽ എന്തെങ്കിലും തടസ്സമുണ്ടോ? പരിശോധിക്കാം…
ഐപിഎൽ നിയമമനുസരിച്ച് പരിക്ക് പറ്റിയ താരങ്ങൾക്ക് പകരക്കാരായി വരുന്ന താരങ്ങളെ അടുത്ത സീസണിലേക്ക് ടീമുകൾക്ക് നിലനിർത്താനാവും. അത് വിദേശ താരമായാലും ഇന്ത്യൻ താരമായാലും. എന്നാൽ ഈ നിലനിർത്തലിൽ ഒരു ചെറിയ തടസ്സം കൂടിയുണ്ട്. വളരെ നേരിയ തടസ്സം മാത്രമാണിത്.
ചെന്നൈയ്ക്ക് നിലനിർത്താൻ ആഗ്രഹുമുണ്ടെങ്കിലും താരത്തിന് ചെന്നൈയിൽ തുടരാൻ താൽപര്യമുണ്ടോ എന്നതാണ് ഈ പ്രശ്‌നം. ഒരു കളിക്കാരന് ഒരു ടീമിൽ തുടരാൻ താൽപര്യമില്ലെങ്കിൽ അയാൾക്ക് ക്ലബ് വിടാം എന്ന നിയമമുണ്ട്. ഐപിഎല്ലിലും ഇത് തന്നെയാണ് നിയമം. ഒരിക്കലും ഒരു കളിക്കാരനെ അയാളുടെ അനുമതിയില്ലാതെ ടീമിൽ നിലനിർത്താൻ സാധിക്കില്ല.
2.2 കോടി രൂപയ്ക്കാണ് താരത്തെ ചെന്നൈ പരിക്കേറ്റ ഗുർജൻപ്രീതിന് പകരം ടീമിലെത്തിച്ചത്. പ്രകടനം അനുസരിച്ച് ഇത് താരത്തിന് ലഭിക്കുന്ന അർഹതപ്പെട്ട തുകയല്ല. ഐപിഎൽ നിയമമനുസരിച്ച് ഒരു കളിക്കാരനെ ലേലത്തിൽ വിളിച്ചെടുക്കുന്ന തുക, അല്ലെങ്കിൽ മെഗാലേലത്തിന് മുമ്പ് നിലനിർത്തുമ്പോൾ പ്രഖ്യാപിക്കുന്ന തുക.. ഈ തുകകൾ മാത്രമേ ഒരു കളിക്കാരന് പ്രതിഫലമായി നല്കാൻ പാടുകയുള്ളു. അതിൽ കൂടുതൽ തുക നൽകാൻ ഐപിഎല്ലിൽ നിയമമില്ല.
ഈ തുകയ്ക്ക് താരം സിഎസ്കെയിൽ തുടരാൻ തിരുമാനിക്കുമോ എന്നത് മാത്രമാണ് പ്രശ്‌നം. റിലീസ് ആവശ്യപ്പെട്ട് അടുത്ത താരലേലത്തിലെത്തിയാൽ ബ്രെവിസിനെ സ്വന്തമാക്കാൻ ഇതിൽ കൂടുതൽ പണവുമായി ടീമുകൾ എത്തുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതല്ല, ആരാരും എടുക്കാത്ത ഐപിഎൽ താരലേലത്തിൽ നിന്നും തനിക്ക് അവസരം നൽകിയ സിഎസ്കെയോട് കൂറുകാട്ടാൻ അദ്ദേഹം തയ്യാറാവുമോ എന്നതും കണ്ടറിയണം..പണം കുറവായതിന്റെ പേരിൽ ശ്രേയസ് അയ്യരെ പോലുള്ള താരങ്ങൾ ക്ലബ് മാറിയ ചരിത്രത്തിന് ഏറെ പഴക്കമില്ല എന്നത് കൂടി ഇതിനോടപ്പം കൂട്ടിവായിക്കണം..