ലക്നൗവിനെതിരെ ജയിച്ചെങ്കിലും വെറ്ററൻ ബാറ്റർ രാഹുൽ ത്രിപാഠിയുടെ മോശം പ്രകടനം വീണ്ടും ചർച്ചയാവുകയാണ്. ഇന്ന് നിർണായക ഘട്ടത്തിൽ പത്ത് പന്തിൽ ഒമ്പത് റൺസെടുത്തായിരുന്നു ത്രിപാഠിയുടെ മടക്കം. ഇന്നത്തെ മത്സരത്തിൽ മാത്രമല്ല, സീസണിൽ ഇത് വരെ മികച്ച പ്രകടനം നടത്താൻ താരത്തിന് സാധിച്ചിട്ടില്ല. താരം മോശം പ്രകടനം നടത്തുന്നതോടെ ത്രിപാഠിയ്ക്ക് പകരം മറ്റൊരു താരത്തെ ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്.
ധോണി നായകനായ ആദ്യ മത്സരത്തിൽ അൻഷുൽ കംബോജ് സിഎസ്കെയ്ക്കായി അരങ്ങേറ്റം നടത്തിയിരിക്കുന്നു. രണ്ടാമത്തെ മത്സരത്തിൽ ഷെയ്ഖ് റഷീദും സിഎസ്കെയ്ക്കായി അരങ്ങേറ്റം നടത്തി. രാഹുൽ ത്രിപാഠി മോശം പ്രകടനം നടത്തുന്ന സാഹചര്യത്തിൽ ധോണിയുടെ മൂന്നാം മത്സരത്തിൽ വീണ്ടുമൊരു അരങ്ങേറ്റം നടക്കാനുള്ള സാധ്യതകളുമുണ്ട്.
ഡല്‍ഹിയില്‍ നിന്നുള്ള വെടിക്കെട്ട് ബാറ്ററും യുവ ബാറ്റിങ് സെന്‍സേഷനുമായ വന്‍ഷ് ബേദി അടുത്ത മത്സരത്തിൽ അരങ്ങേറുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ചിട്ടുള്ള താരമാണ് വന്‍ഷ് ബേദി.ദുർബലമായ സിഎസ്കെ ബാറ്റിംഗ് നിരയിൽ ബാറ്റിങില്‍ തീര്‍ച്ചയായും ഇംപാക്ടുണ്ടാക്കാന്‍ ശേഷിയുള്ള താരമാണ് വന്‍ഷ് ബേദി.
സ്പിന്നർമാർക്കെതിരെ ആക്രമണാത്മക ബാറ്റിംഗ് ശൈലിക്ക് പേര് കേട്ട താരമാണ് 22 കാരനായ വന്‍ഷ് ബേദി. 2024-ലെ ഡൽഹി പ്രീമിയർ ലീഗിൽ (DPL) 9 മത്സരങ്ങളിൽ 221 റൺസാണ് താരം നേടിയത്. 185.71 സ്ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ പ്രകടനം എന്നത് എടുത്ത് പറയേണ്ട ഘടകമാണ്.
55 ലക്ഷത്തിന് ചെന്നൈ ടീമിലെത്തിച്ച താരം വിക്കറ്റ് കീപ്പർ കൂടിയാണ്. മിഡ്ഓർഡറാണ് താരത്തിന്റെ പ്രധാന പൊസിഷൻ.