ഐപിഎൽ 2025 ന്റെ കലാശപ്പോരിന് ഒരുങ്ങുകയാണ് ആർസിബി. ഐപിഎൽ ചരിത്രത്തിലെ ആദ്യ കിരീടത്തിനായി ആർസിബി ഇറങ്ങുമ്പോൾ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡിൻറെ ഒരു നിർദേശം കൂടി ആർസിബിയ്ക്ക് നിർണായകമാവുകയാണ്. സ്റ്റാർ പേസർ ജോഷ് ഹേസൽവുഡിന്റെ കാര്യത്തിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിർദേശം.
ഹേസൽവുഡിനെ കളിപ്പിക്കുന്നതൊക്കെ കൊള്ളാമെന്നും എന്നാൽ അമിതഭാരം നൽകി അദ്ദേഹത്തെ പരിക്കിലേക്ക് തള്ളിവിടരുതെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിർദേശം. ഐപിഎല്ലിന് ശേഷം ലോകടെസ്റ്റ് ചാമ്പ്യൻസ്ഷിപ്പ് നടക്കുന്നുണ്ട്. അതിനാലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഈ നിർദേശം.
ഇത്തവണ ആർസിബിയുടെ ബൗളിംഗ് യൂണിറ്റിന്റെ കുന്തമുനയാണ് ഹേസൽവുഡ്. നിരവധി സീസണുകളിലായി പഴികേൾക്കുന്ന ആർസിബിയുടെ ബൗളിംഗ് നിരയെ കൃത്യമായ അച്ചടക്കത്തിലേക്ക് കൊണ്ട് വന്നത് ഹേസൽവുഡാണ്. താരത്തിന് പരിക്കേറ്റ് കളിയ്ക്കാൻ കഴിയാതിരുന്ന മത്സരങ്ങളിൽ ഈ അഭാവം വ്യക്തമാവുകയും ചെയ്തിരുന്നു.
സീസണിൽ 11 മത്സരങ്ങളിൽ നിന്നായി 21 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.8.30 ആണ് താരത്തിന്റെ ഇക്കോണോമി.15.81 ആണ് ആവറേജ്.
ഇതിന് മുമ്പ് 2022 സീസണിലും താരം മികച്ച ഫോമിലായിരുന്നു. അന്ന് ആർസിബിക്കായി 12 മത്സരങ്ങളിൽ നിന്നായി 20 വിക്കറ്റാണ് താരം വീഴ്ത്തിയത്.