ലക്നൗ സൂപ്പർ ജയൻറ്സിനെതിരെ മികച്ച പ്രകടനം നടത്തിയെങ്കിലും ചെന്നൈ സൂപ്പർ കിങ്സിന് ശുഭകരമായ വാർത്തയല്ല ഇപ്പോൾ പുറത്ത് വരുന്നത്. ഋതുരാജ് ഗെയ്ക്‌വാദിന് പകരം നായക സ്ഥാനം ഏറ്റെടുത്ത എംഎസ് ധോണിയും പരിക്കിന്റെ പിടിയിലാണ്. ഇതിനെ സാധുകരിക്കുന്ന ഒരു വീഡിയോ കൂടി പുറത്ത് വന്നിരിക്കുകയാണ്.
ലക്നൗവിനെതിരായ മത്സരത്തിന് ശേഷം ഹോട്ടൽ മുറിയിലേക്കുള്ള യാത്രയിലാണ് ധോണി മുടന്തി നടന്നത്. ഇതിന്റെ വിഡിയോയും പുറത്ത് വന്നിട്ടുണ്ട്. നേരത്തെ പോസ്റ്റ് മാച്ച് പരിപാടിയിലും ധോണി മുടന്തി തന്നെയാണ് എത്തിയത്.
സ്ഥിര നായകൻ ഋതുരാജ് ഗെയ്ക്‌വാദിന് പരിക്കേറ്റതോടെയാണ് ധോണി സിഎസ്കെ നായക സ്ഥാനം ഏറ്റെടുത്തത്. ധോണിക്ക് പരിക്ക് ബാധിക്കുന്ന സാഹചര്യത്തിൽ സിഎസ്കെ മത്സരത്തിൽ പുതിയ നായകൻ എത്തും. രവീന്ദ്ര ജഡേജയ്ക്കായിരിക്കും സാധ്യത.
ഏപ്രിൽ 20 നാണ് ചെന്നൈയുടെ അടുത്ത മത്സരം. മുംബൈ ഇന്ത്യൻസിനെതിരെ അവരുടെ തട്ടകത്തിലാണ് ഈ മത്സരം.
അതേ സമയം, ധോണിക്ക് പരിക്ക് കാരണം മത്സരം നഷ്ടമായാൽ അത് സിഎസ്കെയ്ക്ക് വലിയ തിരിച്ചടിയായിരിക്കും നൽകുക. കാരണം നിലവിൽ ചെന്നൈ നിരയിൽ മികച്ച ഫോമിൽ ബാറ്റ് വീശുന്ന താരമാണ് ധോണി.