ഇത്തവണ തൊട്ടതെല്ലാം പിഴച്ച് പ്ലേ ഓഫിൽ നിന്നും ആദ്യം പുറത്തായ ടീമാണ് അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ്. ഇത്തവണ പ്ലേ ഓഫ് കണ്ടില്ലെങ്കിലും അടുത്ത സീസണിലേക്ക് മികച്ച ടീമിനെ ഒരുക്കുകയാണ് നായകൻ ധോണി. ആയുഷ് മാത്രേ, ഉർവിൽ പട്ടേൽ, ഡിവാൽഡ് ബ്രവീസ് എന്നിവരെ സ്വന്തമാക്കിയതെല്ലാം അടുത്ത സീസൺ മുന്നിൽ കണ്ടാണ്. എന്നാൽ അടുത്ത സീസണിൽ ചെന്നൈ ഒരു പ്രധാന താരത്തെ കൂടി ലക്ഷ്യം വെക്കുന്നുണ്ടെന്ന് നിലവിലെ നീക്കങ്ങളിലൂടെ മനസിലാക്കാൻ സാധിക്കും..
ഓസിസ് സ്റ്റാർ ഓൾറൗണ്ടർ കാമറോൺ ഗ്രീനിനെയാണ് സിഎസ്കെ അടുത്ത ലേലത്തിൽ ലക്ഷ്യമിടുന്നതെന്നാണ് സിഎസ്കെയുടെ നിലവിലെ ഗെയിം പ്ലാൻ വ്യക്തമാക്കുന്നത്..പരിക്ക് കാരണം ഇക്കഴിഞ്ഞ ലേലത്തിൽ രജിസ്റ്റർ ചെയ്യാത്ത ഗ്രീൻ അടുത്ത വർഷം ലേലത്തിനുണ്ടാവും. അവിടെ നിന്ന് താരത്തെ വാങ്ങിക്കാനാണ് സിഎസ്കെയുടെ ലക്ഷ്യം.
ജഡേജ, സാം കരൺ എന്നിവർക്ക് ബാറ്റിംഗ് പൊസിഷനിൽ സ്ഥാനക്കയറ്റം നൽകിയുള്ള ധോണിയുടെ നീക്കം ബാറ്റിംഗ് ഓർഡറിൽ ഒരു സ്റ്റാർ ഓൾറൗണ്ടർ അദ്ദേഹം ടീമിലേക്ക് പ്രതീക്ഷിക്കുന്നു എന്നാണ്. നിലവിൽ അതിന് അനുയോജ്യനായ താരമാണ് ഗ്രീൻ. അശ്വിൻ, ഹൂഡ, രാഹുൽ ത്രിപാഠി എന്നിവരെ ഓഫ്ലോഡ് ചെയ്താൽ സിഎസ്കെയ്ക്ക് ഗ്രീനിന് വേണ്ടിയുള്ള തുക കണ്ടെത്താനാവും.
കൂടാതെ മിഡ്സീസണിൽ ആയുഷ് മാത്രേ, ഉർവിൽ പട്ടേൽ, ഡിവാൽഡ് ബ്രവീസ് എന്നിവരെ സ്വന്തമാക്കിയതിനാൽ സിഎസ്കെയുടെ ടീം സ്‌ക്വാഡിന്റെ എണ്ണവും വർധിച്ചിട്ടുണ്ട്. അതിനാൽ അടുത്ത ലേലത്തിൽ ഗ്രീനിനെ മാത്രം ലക്ഷ്യമാക്കിയായിരിക്കും അവർ ഇറങ്ങുക.
എന്തായാലും അടുത്ത സീസണിൽ മികച്ച നീക്കങ്ങൾ നടത്തി പഴയ പ്രതാപത്തിലേക്ക് മടങ്ങിയെത്താനായിരിക്കും സിഎസ്കെ ശ്രമിക്കുക.