ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക്, പ്രത്യേകിച്ച് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഏറെ പരിചിതനായ ഡച്ച് പരിശീലകൻ ഈൽക്കോ ഷാറ്റോറി ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു. സൂപ്പർ ലീഗ് കേരളയിൽ കളിക്കുന്ന മലപ്പുറം എഫ്.സി.യുടെ മുഖ്യ പരിശീലകനായി അദ്ദേഹം തിരിച്ചെത്തുന്നതായാണ് റിപോർട്ടുകൾ.
ഐ.എസ്.എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി.യെ പരിശീലിപ്പിച്ച് ശ്രദ്ധേയനായ ഷാറ്റോറി, പിന്നീട് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി.യുടെയും അമരക്കാരനായിട്ടുണ്ട്.
കേരളത്തിൽ ഫുട്ബോളിന് വലിയ പ്രാധാന്യമുള്ള മലപ്പുറം ജില്ലയിൽ നിന്നുള്ള ടീമായ മലപ്പുറം എഫ്.സിക്ക് ഷാറ്റോറിയുടെ വരവ് വലിയ മുതൽക്കൂട്ടാണ്.
പ്രഥമ സൂപ്പർ ലീഗ് കേരളയിൽ കിരീടപ്രതീക്ഷയുമായി മുൻ ചെന്നൈയിൻ എഫ്സി പരിശീലകൻ ജോൺ ഗ്രിഗറിക്ക് കീഴിൽ ഇറങ്ങിയ മലപ്പുറം എഫ്സിയ്ക്ക് കിരീടം ഉയർത്താനായില്ല. ഇതോടെയാണ് വരും സീസണിൽ ഷാറ്റോറിയെ ഇറക്കി കിരീടം ഉയർത്താൻ മലപ്പുറം ശ്രമിക്കുന്നത്.
2020 ൽ ബ്ലാസ്റ്റേഴ്‌സ് വിട്ട ഷാറ്റോറി പിന്നീട് സൗദി പ്രൊ ലീഗ് ക്ലബ് അൽ- ഇത്തിഹാദ് എഫ്സിയുടെ ടെക്നിക്കൽ ഡയറ്കടർ ആയും സൗദി സെക്കന്റ് ഡിവിഷൻ ക്ലബായ അൽ- സഫയുടെ മുഖ്യപരിശീലകനാണ് പ്രവർത്തിച്ചിട്ടുണ്ട്.