CricketCricket LeaguesIndian Premier LeagueSports

ഖേദിക്കുന്നുണ്ടോ ആർസിബി? ആ തെറ്റായ തീരുമാനത്തെ ഓർത്ത്…

എട്ട് വിക്കറ്റുകൾക്കാണ് ആർസിബിയെ ഗുജറാത്ത് ടൈറ്റൻസ് പരാജയപ്പെടുത്തിയത്. പരാജയത്തിന് പിന്നാലെ ആർസിബിയുടെ ഒരു തെറ്റായ നയം കൂടി ഇപ്പോൾ ചർച്ചയാവുകയാണ്.

സീസണിൽ ആദ്യ തോൽവി വഴങ്ങിയിരിക്കുകയാണ് റോയൽ ചല്ലഞ്ചേഴ്‌സ് ബംഗളുരു. തുടർച്ചയായ രണ്ട് എവേ മത്സരങ്ങളിൽ വിജയിച്ചതിന് ശേഷമാണ് സീസണിലെ ആദ്യ ഹോം മത്സരത്തിൽ ആർസിബി പരാജയപ്പെടുന്നത്. എട്ട് വിക്കറ്റുകൾക്കാണ് ആർസിബിയെ ഗുജറാത്ത് ടൈറ്റൻസ് പരാജയപ്പെടുത്തിയത്. പരാജയത്തിന് പിന്നാലെ ആർസിബിയുടെ ഒരു തെറ്റായ നയം കൂടി ഇപ്പോൾ ചർച്ചയാവുകയാണ്.

ആർസിബിയെ തകർത്തതിൽ നിർണായക പങ്ക് വഹിച്ച മുൻ ആർസിബി താരവും നിലവിൽ ഗുജറാത്ത് ടൈറ്റൻസിന്റെ പേസറുമായ മുഹമ്മദ് സിറാജിനെ പറ്റിയുള്ളതാണ് ആ ചർച്ചകൾ. മത്സരത്തിൽ 3 വിക്കറ്റുകൾ നേടി ആർസിബിയുടെ ബാറ്റിംഗ് ഓർഡറിനെ തകർത്ത സിറാജ് തന്നെയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ചും.

2018 മുതൽ 2024 വരെ ആർസിബിയുടെ പ്രധാന താരമായിരുന്നു സിറാജ്. എന്നാൽ ഇക്കഴിഞ്ഞ മെഗാ ലേലത്തിന് മുമ്പ് നടന്ന റിറ്റൻഷനിൽ താരത്തെ ആർസിബി നിലനിർത്തിയില്ല. ലേലത്തിൽ താരത്തെ സ്വന്തമാക്കാനും വലിയ ഉത്സാഹം അവർ കാണിച്ചില്ല. ഗുജറാത്ത് ടൈറ്റൻസാവട്ടെ താരത്തെ സ്വന്തമാക്കുകയും ചെയ്തു.

ഇന്നലത്തെ മത്സരത്തിൽ ഫിൽ സാൾട്ട്, ദേവ്ദത്ത് പടിക്കൽ, ലിയാം ലിവിങ്സ്റ്റൻ തുടങ്ങീ 3 പ്രധാന ബാറ്റർമാരെയാണ് സിറാജ് ഡ്രസിങ്ങിന് റൂമിലേക്ക് മടക്കിയത്. നാലോവർ എറിഞ്ഞ താരം ആകെ 19 റൺസ് മാത്രമാണ് വിട്ട് നൽകിയത്.

സിറാജിനെ പോലുള്ള ഒരു താരത്തെ ആർസിബി വിട്ട് കൊടുത്തത് മണ്ടത്തരമായി പോയെന്ന് സിറാജിന്റെ പ്രകടനത്തിന് പിന്നാലെ ആരാധാകർ സമൂഹ മാധ്യമങ്ങളിൽ അഭിപ്രായപ്പെടുകയാണ്. ഇപ്പോൾ ആർസിബി താരത്തെ വിട്ട് നൽകിയതിൽ ഖേദിക്കുന്നുണ്ടാവുമെന്നും ആരാധാകർ അഭിപ്രായപ്പെടുന്നു.