കളിക്കാരുടെ കരാർ ഓട്ടോമാറ്റിക്കലി പുതുക്കാനുള്ള ഓപ്‌ഷനുകൾ ചില കരാറുകളിൽ ഉണ്ടാവാറുണ്ട്. താരങ്ങളുമായി കരാറിലേർപ്പെടുന്ന സമയത്ത് താരവും ക്ലബും മുന്നോട്ട് വെയ്ക്കുന്ന ആവശ്യങ്ങൾ കരാർ കാലാവധിക്കുള്ളിൽ നടപ്പിലായാൽ ചില കരാറുകൾ ഓട്ടോമാറ്റിക്കലി പുതുക്കപ്പെടും. എങ്കിലും ഓട്ടോമാറ്റിക്കലി പുതുക്കപ്പെടുന്ന കരാറിൽ നിന്ന് പിന്നോട്ട് പോകാൻ ക്ലബിനോ താരങ്ങൾക്കോ സാധിക്കും. പറഞ്ഞ് വരുന്നത് ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരം ക്വമെ പെപ്രയുടെ കാര്യത്തെ പറ്റിയാണ്.
നേരത്തെ തയാറാക്കിയ കോൺട്രാക്ട് ക്ലോസ് അനുസരിച്ച് ബ്ലാസ്റ്റേഴ്സും പെപ്രയും തമ്മിലുള്ള കരാർ ഈ വർഷം മെയ് 31 ന് ഓട്ടോമാറ്റിക്കലി പുതുക്കപ്പെടും. അതായത് മെയ് 31 ന് കരാർ അവസാനിക്കുന്ന പെപ്രയെ വീണ്ടും പുതിയ കരാറിൽ ഒപ്പ് വെയ്പ്പിക്കേണ്ട കാര്യം ബ്ലാസ്റ്റേഴ്‌സിനില്ല എന്നർത്ഥം.
ക്ലബും പെപ്രയും തമ്മിലുള്ള കരാർ ഓട്ടോമാറ്റിക്കലി പുതുക്കപ്പെടുന്നതോടെ പെപ്രയ്ക്ക് നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ ഉയർന്ന പ്രതിഫലം അടുത്ത സീസൺ മുതൽ ലഭിച്ച് തുടങ്ങും. എന്നാൽ പെപ്ര അടുത്ത സീസണിലും ടീമിൽ തുടരുന്നതിൽ ആരാധകർക്ക് സമ്മിശ്ര അഭിപ്രായമാണ് ഉള്ളത്. താരത്തെ റിലീസ് ചെയ്യണമെന്ന് ഒരു വിഭാഗം ആരാധകർ ആവശ്യപ്പെടുമ്പോൾ താരത്തെ ടീമിൽ നിലനിർത്തണമെന്നാണ് മറ്റൊരു വിഭാഗം ആരാധകരുടെ ആവശ്യം.
അതേ സമയം, തന്റെ കരാർ ഓട്ടോമാറ്റിക്കലി പുതുക്കപ്പെടുന്ന സാഹചര്യത്തിലും പെപ്രയ്ക്ക് പുതിയ കരാറിനോട് താൽപര്യമില്ലെന്ന് വ്യക്തമാക്കുന്ന ചില റിപോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. താരത്തിന് താൽപര്യമില്ലെങ്കിൽ നഷ്ടപരിഹാരം നൽകി ഓട്ടോമാറ്റിക്കലി പുതുക്കപ്പെടുന്ന കരാർ റദ്ദാക്കാനുള്ള നിയമം കൂടിയുണ്ട്.
അതിനാൽ പെപ്രയുടെ കരാർ യാന്ത്രികമായി പുതുക്കപ്പെടും എന്ന കരുതി താരം അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ ഉണ്ടാകുമെന്ന് ഉറപ്പിക്കാനാവില്ല. താരവും ക്ലബും കൂടി ഇക്കാര്യത്തിൽ നടത്തുന്ന തുടർ ചർച്ചകൾ അനുസരിച്ചായിരിക്കും താരത്തിന്റെ ബ്ലാസ്റ്റേഴ്സിലെ ഭാവി.
https://x.com/kbfcxtra/status/1879890026512977921