മുൻ കേരളാ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സോം കുമാർ (Som Kumar) യൂറോപ്യൻ ഫുട്ബോളിൽ തന്റെ അരങ്ങേറ്റം നടത്തി. സ്ലോവേനിയൻ ക്ലബ്ബായ കൽസെർ റാഡോംലെ (Kalcer Radomlje) ക്ക് വേണ്ടിയായിരുന്നു പ്രീ-സീസൺ സൗഹൃദ മത്സരത്തിൽ സോം കുമാർ അരങ്ങേറ്റം കുറിച്ചത്.
സ്ലോവേനിയൻ ക്ലബായ ഒളിംപിയ ലുബ്ലിയാനയുടെ യൂത്ത് ടീമിൽ നിന്നുമാണ് താരത്തെ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചത്. എന്നാൽ ബ്ലാസ്റ്റേഴ്സിൽ ആദ്യ ചോയിസ് ആയിരുന്നില്ല താരം. ലഭിച്ച അവസരങ്ങളിൽ മികവ് പുലർത്താനും താരത്തിന് സാധിച്ചില്ല.
പിന്നീട് ബ്ലാസ്റ്റേഴ്സിന്റെ റിസേർവ് ടീമിനായും കളിച്ച സോം കുമാർ കഴിഞ്ഞ ജനുവരിയിൽ ടീം വിടാൻ തിരുമാനിക്കുകയായിരുന്നു. ശേഷം സ്ലോവേനിയൻ ക്ലബായ കൽസെർ റാഡോംലെയ്ക്ക് താരം കൂടുമാറ്റം നടത്തുകയായിരുന്നു.
ഈ പ്രീ-സീസൺ മത്സരം സോം കുമാറിന് ടീമുമായി കൂടുതൽ ഇഴകി ചേരാനും കളിക്കളത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാനും അവസരം നൽകും. യൂറോപ്പിലെ മികച്ച കളിക്കാർക്കൊപ്പം കളിക്കുകയും അവരെ നിരീക്ഷിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ കളിയെ കൂടുതൽ പക്വമാക്കാൻ സഹായിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
യൂറോപ്യൻ ഫുട്ബോളിൽ ഒരു ഇന്ത്യൻ താരത്തിന് അവസരം ലഭിക്കുന്നത് ഇന്ത്യൻ ഫുട്ബോളിന് തന്നെ അഭിമാനകരമാണ്. സോം കുമാറിന്റെ ഈ യൂറോപ്യൻ അരങ്ങേറ്റം, കൂടുതൽ ഇന്ത്യൻ യുവതാരങ്ങൾക്ക് വിദേശ ലീഗുകളിൽ കളിക്കാൻ പ്രചോദനമാകുമെന്നും, ഇന്ത്യൻ ഫുട്ബോളിന്റെ നിലവാരം ഉയർത്താൻ സഹായിക്കുമെന്നും പ്രതീക്ഷിക്കാം.