ഇന്ത്യയിൽ സമ്മർ ട്രാൻസ്ഫർ വിൻഡോ ഔദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് ഏറെ നിർണായകമാണ് ഈ ട്രാൻസ്ഫർ വിൻഡോ. ക്ലബ്ബിനെതിരെ ബഹിഷ്കരണമുയർത്തുന്ന ആരാധകരെ പിടിച്ചുനിർത്താൻ അടുത്ത സീസണിൽ മികച്ച പ്രകടനം ക്ലബ്ബിന് നടത്തേണ്ടതുണ്ട്. അതിനായി മികച്ച ട്രാൻസ്ഫറുകളും ബ്ലാസ്റ്റേഴ്സ് ഈ സമ്മറിൽ നടത്തേണ്ടതുണ്ട്.
ട്രാൻസ്ഫർ വിപണിയിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് ഒരു വിദേശ സ്ട്രൈക്കർ. ക്വമേ പെപ്ര ടീം വിട്ട സാഹചര്യത്തിലും സെർജിയോ കാസ്റ്റലുമായി നടത്തിയ പ്രീ കോൺട്രാക് പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലും ഒരു വിദേശ സ്ട്രൈക്കർ ബ്ലാസ്റ്റേഴ്സിന് നിർബന്ധമാണ്.
പരിക്ക് മൂലം സെർജിയോ കാസ്റ്റലുമായുള്ള പ്രീ കോൺട്രാക്ട ബ്ലാസ്റ്റേഴ്സ് ഉപേക്ഷിച്ചതായും പകരം പുതിയൊരു വിദേശ സ്ട്രൈക്കറെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നതായി പ്രമുഖ കായിക മാധ്യമപ്രവർത്തകനായ മാർക്കസ് മെർകുലോ റിപ്പോർട്ട് ചെയ്തിരുന്നു. പുതിയ സ്ട്രൈക്കർക്കായി ബ്ലാസ്റ്റേഴ്സ് അന്വേഷണം നടത്തവെ ബ്ലാസ്റ്റേഴ്സിന്റെ മുൻ അർജന്റീനൻ സ്ട്രൈക്കർ പെരേര ഡയസ് ഇൻസ്റ്റാഗ്രാമിൽ ഒരു സൂചന നൽകിയിരിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്‌സി പിടിച്ച് കൊണ്ടുള്ള ഒരു ചിത്രമാണ് ഡയസ് പങ്കുവെച്ചത്. ബ്ലാസ്റ്റേഴ്സിലെ അദ്ദേഹത്തിന്റെ സഹതാരമായിരുന്ന അൽവാരോ വാസ്കസിന്റെ ബ്ലാസ്റ്റേഴ്‌സ് ജേഴ്സി ആണ് ഡയസ് പങ്കുവെച്ചത്. ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തുന്നതിന് സൂചനയാണ് താരം നൽകിയത് എന്നതാണ് താരത്തിന്റെ പോസ്റ്റിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാവുന്നത്.
2021- 22 ൽ ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയ സീസണിൽ ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് ഡയസ്. പിന്നീട് താരം മുംബൈ സിറ്റിയിലേക്കും അവിടെനിന്ന് ബംഗളൂരു എഫ്സിയിലേക്കും കൂടുമാറിയിരുന്നു.
കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരത്തെ റിലീസ് ചെയ്തതായി ബംഗളൂരു എഫ്സി അറിയിച്ചിരുന്നു. നിലവിൽ ഫ്രീ ഏജന്റ് ആണ് താരം.