ഇന്നലെ ആർസിബിയോട് തോറ്റതോട് കൂടി മുംബൈയുടെ നില പരുങ്ങലിലായിരിക്കുകയാണ്. കളിച്ച അഞ്ച് മത്സരങ്ങളിൽ ഒന്നിൽ മാത്രം വിജയിച്ച അവർ രണ്ട് പോയിന്റുമായി പട്ടികയിൽ എട്ടാം സ്ഥാനത്താണ്. ആർസിബി ഉയർത്തിയ 222 എന്ന വിജയലക്ഷ്യത്തിനായി ഇറങ്ങിയ മുംബൈ 12 റൺസിനാണ് പരാജയപ്പെട്ടത്. പരാജയത്തിന് പിന്നാലെ നായകൻ ഹർദിക് പാണ്ട്യയുടെ ഒരു തെറ്റായ തീരുമാനം കൂടി ചർച്ചയാവുകയാണ്.
മത്സരത്തിൽ ടോസ് നേടിയ മുംബൈ ആര്‍സിബിയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിടുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ ഇംഗ്ലീഷ് വെടിക്കെട്ട് താരം ഫിള്‍ സാള്‍ട്ടിനെ (4) ട്രന്റ് ബോള്‍ട്ട് പുറത്താക്കിയെങ്കിലും കോഹ്‌ലിയും പടിക്കലും ചേർന്ന് പവര്‍പ്ലേയില്‍ ഒരു വിക്കറ്റിന് 73 എന്ന മികച്ച സ്കോറിലേക്ക് ആർസിബിയെ എത്തിച്ചു. കോഹ്ലി- പടിക്കൽ സഖ്യം മുംബൈക്ക് വലിയ വെല്ലുവിളി ഉയര്‍ത്തവെയാണ് യുവ സ്പിന്നര്‍ വിഘ്‌നേഷ് പുത്തൂർ പടിക്കലിനെ പുറത്താക്കി മത്സരം മുംബൈയുടെ നിയന്ത്രണത്തിലേക്ക് കൊണ്ട് വരുന്നത്.
ആദ്യ ഓവറിൽ തന്നെ നിർണായക വിക്കറ്റ് വീഴ്ത്തിയ വിഘ്‌നേഷിനെ ആ ഒരൊറ്റ ഓവറിന് ശേഷം നായകൻ ഹാര്‍ദിക് ഉപയോഗിച്ചില്ല. മുംബൈയുടെ ബൗളര്‍മാരെല്ലാം തല്ലുകൊണ്ട മത്സരത്തിലാണ് മത്സരത്തിലെ തന്റെ ആദ്യ ഓവറിൽ തന്നെ വിഘ്‌നേശ് വിക്കറ്റ് വീഴ്ത്തിയത്. എന്നാൽ താരത്തെ പിന്നീട് പാണ്ട്യ പൂർണമായും അവഗണിക്കുകയായിരുന്നു.
ഇതിന് ശേഷം മറ്റൊരു സ്പിന്നറായ മിച്ചൽ സാന്റനറെ ഹർദിക് ഉപയോഗിച്ചെങ്കിലും സാന്റനറും നന്നായി അടിവാങ്ങിയിരുന്നു. എന്നിട്ടും ചൈനമാൻ സ്പിന്നറെ ഹർദിക് പരിഗണിച്ചതേയില്ല.
മുംബൈയുടെ പരാജയത്തിന് കാരണം ഇത്തരത്തിൽ ഹർദിക് സ്വീകരിക്കുന്ന മണ്ടൻ തീരുമാനങ്ങൾ മൂലമാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ.