നിലവിൽ ഇന്ത്യൻ ടീമിലെ മികച്ച ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടറാണ് ഹാർദിക് പാണ്ട്യ. ശാർദൂൽ താക്കൂർ, വെങ്കടേഷ് അയ്യർ എന്നിവർ ഈ പൊസിഷനിൽ കളിക്കുന്ന താരങ്ങളാണ് എങ്കിലും പാണ്ട്യയെ പോലെ ബൗളിങ്ങിലും ബാറ്റിങ്ങിലും ഇമ്പാക്ട് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിച്ചിട്ടില്ല. ഇപ്പോഴിതാ ഹാർദിക്കിന്റെ പൂർണമായ പകരക്കാരനെ ഒരുക്കുകയാണ് ബിസിസിഐ.
ഇതിനോടകം ഇന്ത്യൻ ടി20 ടീമിലും ടെസ്റ്റ് ടീമിലും അരങ്ങേറ്റം നടത്തിയ നിതീഷ് റെഡ്ഢിയെയാണ് ടീം ഇന്ത്യ ഹാർദിക്കിന്റെ പകരക്കാരനായി വളർത്തിയെടുക്കുന്നത്. ഫാസ്റ് ബൗളിംഗ് ഓൾറൗണ്ടർ ആണെങ്കിലും നിതീഷ് പന്തെറിയുന്നത് അൽപം കുറവാണ്. ബാറ്റിങ്ങിലാണ് താരത്തിന്റെ പ്രധാന സംഭാവനകൾ ടീം ഇന്ത്യയ്ക്ക് ലഭിച്ചിട്ടുള്ളത്.
എന്നാൽ പേസർമാർക്ക് പിന്തുണയുള്ള ഇംഗ്ലീഷ് പിച്ചിൽ താരത്തെ ഒരു പൂർണ ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടറായി വളർത്തിയെടുക്കാനാണ് ഇന്ത്യയുടെ ശ്രമം. ഇന്ത്യയുടെ ബൗളിംഗ് പരിശീലകൻ മോണി മോർക്കലിന്റെ കീഴിലാണ് ഈ പരിശീലനം.
ബാറ്റിങ്ങിൽ മികവ് തെളിയിച്ച താരത്തെ ബൗളിങ്ങിൽ കൂടി വളർത്തിയെടുക്കാനായി മോർക്കലിന്റെ കീഴിൽ നെറ്റ്സിൽ കൂടുതൽ പന്തെറിഞ്ഞ് പരിശീലനം നടത്തുകയാണ് താരം.
ഹർദിക്കിനെ പോലെ ഒരു ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടർ വളർത്തിയെടുക്കുക എന്നത് മാത്രമല്ല, ഷമിയുടെ അഭാവവും ബുമ്രയുടെ ഫിറ്റ്നസും മുന്നിൽക്കണ്ടുള്ള നീക്കം കൂടിയാണ് താരത്തെ ബൗളിങ്ങിൽ കൂടി മെച്ചപ്പെടുത്താനുള്ള ഈ പരിശീലനം.