കേരള ക്രിക്കറ്റ് ആരാധകർ ഒരു സന്തോഷവാർത്തയ്ക്കരികിലാണ്. ക്രിക്കറ്റ് മാമാങ്കമായ ഐപിഎൽ പോരാട്ടങ്ങൾ വീണ്ടും കേരളത്തിലെത്താൻ സാധ്യതയുണ്ടെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ നിറഞ്ഞ സ്റ്റാൻഡുകളിൽ ആരാധകർക്ക് ഇനി ഐപിഎൽ പോരാട്ടങ്ങളും ആസ്വാദിക്കാൻ സാധിച്ചേക്കും.
നിലവിലെ ചാമ്പ്യന്മാരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു, അടുത്ത ഐപിഎൽ സീസണിൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെ ഹോംഗ്രൗണ്ടാക്കാൻ ആലോചിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ചിന്നാസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന അടിസ്ഥാന സൗകര്യ പ്രശ്നങ്ങളാണ് ഇത്തരം മാറ്റം പരിഗണിക്കുന്നതിന് പിന്നിൽ.
ഗ്രീൻഫീൽഡ് സ്റ്റേഡിയം മികച്ച സൗകര്യങ്ങളുള്ള ഒരു അന്താരാഷ്ട്ര വേദിയാണ്. ഇവിടെ നടന്ന ഇന്ത്യ–വെസ്റ്റ് ഇൻഡീസ്, ഇന്ത്യ–ശ്രീലങ്ക പോലുള്ള മത്സരങ്ങൾ വിജയകരമായി നടത്തിയിട്ടുണ്ട്. ഐപിഎൽ പോലുള്ള വലിയ ടൂർണമെന്റിന് ഇത് ഒരുങ്ങിയിരിക്കുന്നുവെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
ഈ നീക്കം നടപ്പായാൽ, കേരളത്തിലെ ക്രിക്കറ്റ് സംസ്കാരത്തിന് വലിയ ഉണർവ് ലഭിക്കും. പ്രാദേശിക സാമ്പത്തിക രംഗത്തിനും വിനോദ സഞ്ചാര മേഖലയ്ക്കും ഐപിഎൽ മത്സരങ്ങൾ പുതുജീവൻ നൽകുമെന്നതാണ് പ്രതീക്ഷ.
അതേ സമയം, ആർസിബി മറ്റു പല വേദികളും ഹോം ഗ്രൗണ്ട് ആക്കാൻ പരിഗണിക്കുന്നുണ്ട്. ആർസിബി ഗ്രീൻ ഫീൽഡ് ഉറപ്പാക്കിയാൽ മാത്രമേ കേരളാ ക്രിക്കറ്റ് ആരാധകർക്ക് ആഘോഷിക്കാൻ വകയുള്ളു.
