ഇന്നലെ ആർസിബിയോടും തോറ്റതോടെ രാജസ്ഥാൻ റോയൽസിന്റെ നില ഒരൽപം പരുങ്ങലിലാണ്. ആറ് കളികളിൽ നിന്നും നാല് പോയിന്റുമായി എട്ടാം സ്ഥാനത്താണ് നിലവിൽ രാജസ്ഥാൻ. ടീമിന്റെ മോശം പ്രകടനം ചർച്ചയാവുമ്പോൾ ഒരു താരത്തെ ടീമിലെത്തിക്കാനും ആരാധകർ ആവശ്യപ്പെടുകയാണ്.
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായ 14 വയസ്സുള്ള വൈഭവ് സൂര്യവംശിയെ ടീമിലെത്തിക്കാനാണ് ആരാധകർ ആവശ്യപ്പെടുന്നത്. ഇതിന് കാരണം രണ്ട് ദിവസങ്ങൾക്ക് മുമ്പ് പുറത്ത് വന്ന താരത്തിന്റെ നെറ്സ്സിലെ ഒരു വീഡിയോയാണ്.
ആർസിബിക്കെതിരായ മത്സരത്തിന് മുമ്പ് ജോഫ്ര ആർച്ചറെ നെറ്റ്സിൽ നേരിട്ട താരം താരത്തിന്റെ പന്തുകൾ സിക്‌സറുകൾ പായിക്കുന്നതും വളരെ പക്വതയോടെയും നേരിടുന്ന വീഡിയോയാണ് ആരാധകർ വൈഭവിനെ ടീമിലെത്തിക്കാൻ ആവശ്യപ്പെടാൻ കാരണം.
തന്റെ പേസ്, ലൈൻ, ലെങ്ത് എന്നിവ ഉപയോഗിച്ച് വൈഭാവിനെ ആർച്ചർ പരീക്ഷിക്കുമ്പോൾ ആർച്ചറെ താരം മനോഹരമായി നേരിടുന്നതും വിഡിയോയിൽ കാണാം. ഇത്തരത്തിൽ പക്വതയോടെ ബാറ്റ് വീശുന്ന താരത്തെ റോയൽസ് ഇനിയെങ്കിലും ടീമിലെത്തിക്കണമെന്നാണ് ആരാധകരുടെ വാദം.
കഴിഞ്ഞ വർഷത്തെ ഐപിഎൽ മെഗാ ലേലത്തിൽ, സൂര്യവംശി 1.1 കോടി രൂപയ്ക്ക് ആണ് ടീമിൽ എടുത്തത്. 2011 മാർച്ച് 27 ന് ബീഹാറിൽ ജനിച്ച വൈഭവ് ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ്.